കെ.കെ ശൈലജയുടെ സൈബർ അധിക്ഷേപ പരാതിയിൽ വീണ്ടും കേസ്; നടപടി നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ
|കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ പ്രവാസി കെ.എം മിൻഹാജിനെതിരെയാണ് കലാപാഹ്വാനം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി മട്ടന്നൂർ പൊലീസ് കേസെടുത്തത്.
മട്ടന്നൂര്‍: കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ പ്രവാസി കെ.എം മിൻഹാജിനെതിരെയാണ് കലാപാഹ്വാനം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി മട്ടന്നൂർ പൊലീസ് കേസെടുത്തത്.
കെ.കെ.ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് കേസ്. മിൻഹാജ് കെ.എം പാലോളി എന്ന ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
നേരത്തെ ന്യൂമാഹി പൊലീസ്, ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിരുന്നു. മുസ്‌ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്‌ലമിനെതിരെയാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്. ശൈലജക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്.
അതേസമയം സൈബർ ആക്രമണം നുണ ബോംബാണെന്ന വി.ഡി സതീശൻ്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ. സതീശൻ ഇഷ്ടമുള്ളത് പറഞ്ഞോട്ടെ, വസ്തുനിഷ്ഠമായ തെളിവുകൾ വെച്ചാണ് പരാതി നൽകിയത്. സ്ഥാനാർഥി എന്ന നിലയിൽ രാഷ്ട്രീയ അഭിപ്രായത്തെ തെറ്റിദ്ധരിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്നും ശൈലജ മീഡിയവണിനോട് പറഞ്ഞു.