അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: പ്രതി നന്ദകുമാർ സ്റ്റേഷനിലെത്തിയത് ഹെൽമെറ്റ് ധരിച്ച്; മാധ്യമങ്ങളോടും പ്രതികരിച്ചില്ല
|എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്
തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണക്കേസിലെ പ്രതിയും ഐഎച്ച്ആർഡി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറുമായ നന്ദകുമാര്‍ പൊലീസ് സ്റ്റേഷനിലെത്തിയത് ഹെല്‍മറ്റ് ധരിച്ച്. കേസില്‍ ഇന്നാണ് നന്ദകുമാര്‍ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലെത്തിയത്. നാലുമണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം നന്ദകുമാറിനെ പൊലീസ് വിട്ടയച്ചു. നന്ദകുമാറിന്‍റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റേഷനില്‍ ഹാജരായപ്പോഴും ചോദ്യം ചെയ്യലിന് ശേഷം പുറത്ത് വന്നപ്പോഴും മുഖം കാണാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് നന്ദകുമാര്‍ എത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാനും നന്ദകുമാര്‍ തയ്യാറായില്ല.
എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അല്ലായിരുന്നു നന്ദകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ കൊണ്ടുവന്നത്. പിന്നീട് ഇയാളുടെ സുഹൃത്താണ് ആ ഫോണ്‍ ഹാജരാക്കിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൂജപ്പുര പൊലീസാണ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്‍റെതാണോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രം മതി ചോദ്യം ചെയ്യൽ എന്നുള്ള നിലപാടിലായിരുന്നു ആദ്യ ഘട്ടത്തിൽ പൊലീസ്. എന്നാൽ ഇതിനെച്ചൊല്ലി നിരന്തരം വാർത്തകളും വിമർശനങ്ങളും വന്നതോടെയാണ് ആദ്യം ചോദ്യം ചെയ്യൽ നടപടി പൂർത്തിയാക്കാം എന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്.
ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്‍റെതാണോ എന്ന് സ്ഥിരീകരിക്കാനും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി എന്ന് ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ റിക്കവർ ചെയ്യാനും പൂജപ്പുര പൊലീസ് ഫേസ്ബുക്കിന് മെയിൽ അയച്ചിരുന്നു. ഇതിൽ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കൂ.