നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ചിനെതിരെ സൈബർ വിദഗ്ധൻ ഹൈക്കോടതിയിൽ
|സൈബർ തെളിവുകൾ നശിപ്പിച്ചതിൽ അഡ്വ. ബി. രാമൻപിള്ളയുടെ പേര് പറയാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹർജിക്കാരൻ.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസിൽ ക്രൈംബ്രാഞ്ചിനെതിരേ സൈബർ വിദഗ്ധൻ ഹൈക്കോടതിയിൽ. സൈബർ തെളിവുകൾ നശിപ്പിച്ചതിൽ അഡ്വ. ബി. രാമൻപിള്ളയുടെ പേര് പറയാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹർജിക്കാരൻ.
വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകളിലെ നിർണായകമായ വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടു എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ കേസ്. ആ കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളിൽ വിളിപ്പിച്ചിരുന്നു. ഇദ്ദേഹമാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് തന്നെ പീഡിപ്പിക്കുന്നെന്ന ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. രാമൻപിള്ളയുടെ പേര് തെളിവുനശിപ്പിച്ചതിൽ പറയാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നു എന്നാണ് സായ്ശങ്കറിന്റെ ആരോപണം. സായ്ശങ്കറിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകനാണ് അഡ്വ. ബി. രാമൻപിള്ള.
തെളിവ് നശിപ്പിക്കുന്നതിന് സായ്ശങ്കറിന്റെ സേവനം പ്രതികൾ തേടിയിരുന്നെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് സായ്ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞത്. ഇതിനിടയിലാണ് ക്രൈംബ്രാഞ്ചിനെതിരേ സായ്ശങ്കർ കോടതിയിലെത്തിയിരിക്കുന്നത്.