സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും സൈബർ പോര്; നിഖില്‍ തോമസിനെ സഹായിച്ചത് കെ.എച്ച് ബാബുജാനെന്ന് 'ചെമ്പട കായംകുളം'
|നിഖിലിന്റെ ഫോൺ പൊലീസ് ഒളിപ്പിക്കുകയാണെന്നും ഇത് കണ്ടെത്തിയാൽ കള്ളത്തരങ്ങൾ പുറത്താകുമെന്നും ഫേസ്ബുക്ക് പോസ്റ്റ്
ആലപ്പുഴ: എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ കായംകുളം സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും സൈബർ പോരാട്ടം. സി.പി.എം പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖിലിനെ നിയോഗിച്ചത് കെ.എച്ച് ബാബുജാനാണെന്ന് ചെമ്പട കായംകുളം എന്ന എഫ്.ബി പേജിൽ ആരോപിക്കുന്നു. നിഖിലിന്റെ ഫോൺ പൊലീസ് ഒളിപ്പിക്കുകയാണെന്നും ഇത് കണ്ടെത്തിയാൽ കള്ളത്തരങ്ങൾ പുറത്താകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
കായംകുളത്തെ വിഭാഗീതയയെതുടർന്ന് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ സി.പി.എ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പട കായംകുളത്തിന്റെ പുതിയ പോസ്റ്റ്.
കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നിവക്കെതിരെ ആലപ്പുഴ എസ്പിക്കാണ് സി.പി.എം ഏരിയാ കമ്മിറ്റി പരാതി നൽകിയത്. സി.പി.എം ഏരിയാ കമ്മിറ്റിയാണ് പരാതി നൽകിയത്. നിഖിൽ തോമസിന് ഒരു ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധമുണ്ടെന്ന് സി.പി.എം നൽകിയ പരാതിയിൽ പറയുന്നു. ഈ രണ്ടുഫേസ്ബുക്ക് പേജിന്‍റെയും അഡ്മിന്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ഒരു അക്കൗണ്ടിന്‍റെ അഡ്മിന്‍ നിഖിലാണെന്നും ആരോപണം ഉയരുന്നുണ്ട്. വിവരങ്ങൾ ചോർത്തി നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെന്നും സി.പി.എം മുന്നറിയിപ്പ് നൽകി. നിഖിൽ തോമസിന്റെ വ്യജഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം ഉയർന്നത് കായംകുളം കേന്ദ്രീകരിച്ചുള്ള സി.പി.എം അനുകൂല ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജിലാണ്.
അതേസമയം, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി.രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.അബിൻ രാജിനെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷയും പൊലീസ് നൽകും. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഏജൻസിയിൽ നിഖില്‍ തോമസിനെയും അബിൻരാജിനെയുമെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. സർട്ടിഫിക്കറ്റിൻ ഉറവിടം സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ഏതാനും നാളായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. രണ്ട് ലക്ഷം രൂപ കൈപ്പറ്റി നിഖിലിന് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂവെന്ന അബിൻരാജിന്റെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അബിൻ രാജ് വഴി കൂടുതൽ പേർ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒളിവിൽ പോകുന്നതിന് മുന്നോടിയായി ഉപേക്ഷിച്ചെന്ന് പറയുന്ന നിഖിൽ തോമസിന്റെ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല.