ദാന ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ ? ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
|ജലനിരപ്പ് ഉയരുന്ന സ്ഥലങ്ങളിലെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 65 മില്ലിമീറ്റർ മുതൽ 105 മില്ലിമീറ്റർ ശക്തിയിൽ മഴപെയ്യുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്തമഴയാണ് ലഭിച്ചത്. മലയോരമേഖലകളിൽ പെയ്ത മഴ രാത്രിയും തുടർന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയർന്ന സ്ഥലങ്ങളിലെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഒഡിഷയടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതമുന്നറിയിപ്പ് നൽകിയിരിക്കുന്ന ദാന ചുഴലിക്കാറ്റിന്റെ പ്രതിഫലനം ഒരു പരിധിവരെ കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം, രാത്രിയിലെ കനത്ത മഴയിൽ എറണാകുളം കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. രാത്രി എട്ടരയോടെയാണ് മതിൽ ഇടിഞ്ഞ് വീണത് ഏഴേമുക്കാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം ശക്തമായി പെയ്തു. വലിയ ശബ്ദം കേട്ട് സമീപവാസികൾ നോക്കുമ്പോൾ വെള്ളം കുത്തിയൊലിച്ച് വരുന്ന കാഴ്ചയാണ് കണ്ടത്.
ഏകദേശം 10 മീറ്ററോളം മതിൽ ഇടിഞ്ഞു വീണു മറ്റ് അപകടങ്ങൾ ഒന്നും തന്നെയില്ല. കളമശ്ശേരിയിൽ കരിപ്പായിറോഡിൽ സ്വകാര്യ റബർ എസ്റ്റേറ്റിൽ നിന്നും വെള്ളം കുത്തിയൊലിച്ച് സമീപത്തെ വീട്ടിലേക്ക് ഒഴുകി കരിപ്പായി റോഡിൽ താമസിക്കുന്ന ബേബിയുടെ വീട്ടിലേക്കാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്.
കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയാടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.