അറബിക്കടലില്‍ ചുഴലിക്കാറ്റ്; കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
|അടുത്ത 24 മണിക്കൂറിനുള്ളിൽ ബിപോർജോയ് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ബിപോർജോയ് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ദമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്നുള്ളവർ കടലിൽ പോകരുതെന്നും ജാഗ്രതാ നിർദേശം നൽകി. കഴിഞ ദിവസം രൂപം കൊണ്ട ന്യൂനമർദം ഇന്ന് രാവിലെയോടുകൂടി അതിശക്തമായ ന്യൂനമർദമായി മാറിയിരുന്നു. അതാണ് ഇപ്പോൾ
ചുഴലിക്കാറ്റായി മാറിയത്. ബംഗ്ലാദേശാണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ തെക്കുകിഴക്കൻ അറബിക്കടലിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ രൂപം കൊണ്ടിരിക്കുന്നത്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ വെച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് നേരിട്ട് കേരളത്തെ ബാധിക്കില്ല. പക്ഷേ അതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടി മിന്നൽ കാറ്റോടു കൂടിയുള്ള മഴക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.