ദലിത് ഗവേഷകയുടെ സമരം: എം.ജിയിൽ അടിയന്തര സിൻഡിക്കേറ്റ്
|ദലിത് ഗവേഷകയുടെ പരാതി ചർച്ച ചെയ്യാൻ എംജി സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് ചേരുന്നു. ഗവേഷക ദീപ പി. മോഹനൻ ഉൾപ്പെടെ നാല് പേരെയും ചർച്ചയ്ക്ക് വിളിച്ചു. സമരം തുടരുന്ന ഗവേഷക ദീപ മോഹന്റെ പരാതികൾ ചർച്ച ചെയ്യാനാണ് യോഗം.
എംജി സർവകലാശാലയിൽ ഗവേഷക ദീപ പി മോഹനൻ നടത്തുന്ന നിരാഹാര സമരം 11ആം ദിവസത്തിലേക്ക് കടന്നു. വി.സിയെയും ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനെയും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദീപ.
ആരോഗ്യം മോശമാകുന്നുണ്ടെങ്കിലും ദീപ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. നന്ദകുമാർ എന്ന അധ്യാപകനെയും വി.സി സാബു തോമസിനെയും പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ദീപ പറയുന്നത്. സമരം അവസാനിപ്പിക്കാൻ പലതവണ സർവകലാശാല ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ സർക്കാരിനും സമരം തലവേദനയായിട്ടുണ്ട്. പ്രശ്ന പരിഹാരം കണ്ടെത്തുക എന്നത് മാത്രമല്ല, കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചെന്ന ആരോപണത്തിനും മറുപടി പറയേണ്ട അവസ്ഥയിലാണ്.
പ്രതിപക്ഷവും വിഷയം ഉയർത്തിക്കൊണ്ട് വരുന്നത് സർക്കാരിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. ഗവർണർ അടക്കമുള്ളവർ പരാതി നേരിട്ട് കേൾക്കാൻ കൂട്ടാക്കാത്തതും പ്രശ്നം വഷളാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കടുത്ത നിലപാടുകളിലേക്ക് ദീപ പോകുന്നത്.