അച്ഛനെയും വിഷം കൊടുത്ത് കൊല്ലാൻ ശ്രമം; രക്ഷപെട്ടത് തലനാരിഴക്ക്
|പതിനാല് സെൻ്റ് ഭൂമിയും വീടും തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
തൃശൂർ: കുന്നംകുളം കീഴൂരിൽ അമ്മയ്ക്ക് വിഷം നൽകിയ മകൾ അച്ഛനെയും കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ, രുചിമാറ്റം തോന്നിയപ്പോൾ അച്ഛൻ കഴിച്ചില്ല.
കുന്ദംകുളം സ്വദേശി രുഗ്മിണി(57യെയാണ് മകൾ ഇന്ദുലേഖ വിഷം നൽകി കൊലപ്പെടുത്തിയത്. പതിനാല് സെൻ്റ് ഭൂമിയും വീടും തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
ഇന്ദുലേഖയ്ക്ക് എട്ടു ലക്ഷം രൂപ കടമുണ്ട്, ഇത് വീട്ടാനായിരുന്നു നീക്കം. അമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് ഇന്ദുലേഖ രുഗ്മിണിയെ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെനിന്ന് അസുഖം മാറാത്തതിനെത്തുടർന്ന് തൃശൂരിൽ തന്നെയുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് ഇവരെ മാറ്റി. അതിന് ശേഷം ഇന്നലെ ഇവർ മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രുഗ്മിണിയുടെ ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്തി. സംശയം തോന്നിയ പോലീസ് ഇന്ദുലേഖയെ വിളിച്ച് ചോദ്യം ചെയ്തു. ഇതോടെയാണ് ഇവർ വിഷം നൽകിയ കാര്യം ബോധ്യപ്പെട്ടത്.
രുഗ്മിണിയുടെ കയ്യിലുണ്ടായിരുന്ന സ്വർണം നേരത്തേ ഇന്ദുലേഖ പണയം വെച്ചിരുന്നു. ഇത് കൂടാതെ കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തതിനാൽ ഇതിന്റെ പേരിൽ ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇന്ദുലേഖയുടെ ഭർത്താവ് ഗൾഫിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.