ശരീരം തളർന്ന അച്ഛനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയൊരു മകള്‍...
|ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്ന രമേശന് കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായി. പിന്നാലെ പക്ഷാഘാതം വന്ന് ശരീരവും തളര്‍ന്നു. ചികിത്സയിലൂടെ പതിയെ നടക്കാന്‍ തുടങ്ങിയെങ്കിലും ഇനിയെന്ത് എന്ന ചോദ്യചിഹ്നമായിരുന്നു മുന്നില്‍.
ശരീരം തളര്‍ന്നുപോയ അച്ഛനെ കൈപിടിച്ചുയര്‍ത്തി ജീവിതത്തിലേക്ക് തിരികെ നടത്തുകയാണ് എറണാകുളം ആലുവ സ്വദേശി കൃഷ്ണപ്രിയ. ലോട്ടറി കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ അച്ഛനൊപ്പം നിഴലായി കൂടെയുണ്ട് ഈ മകള്‍.
ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്ന രമേശന് കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായി. പിന്നാലെ പക്ഷാഘാതം വന്ന് ശരീരവും തളര്‍ന്നു. ചികിത്സയിലൂടെ പതിയെ നടക്കാന്‍ തുടങ്ങിയെങ്കിലും ഇനിയെന്ത് എന്ന ചോദ്യചിഹ്നമായിരുന്നു മുന്നില്‍. അതിനുളള ഉത്തരമാണ് മകള്‍ കൃഷ്ണപ്രിയയുടെ കൈപിടിച്ച് ലോട്ടറി വില്‍പ്പനക്കായുളള നടപ്പ്.
വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ കൃഷ്ണപ്രിയയും അച്ഛനും വീട്ടില്‍ നിന്നിറങ്ങും. പിന്നെ ആലുവ പുളിഞ്ചുവട്ടിലെ റെസ്റ്റോറന്റുകളുടെ മുന്നിലെ ആള്‍ത്തിരക്കിലേക്ക് ഇവര്‍ പതിയെ നടന്നു നീങ്ങും. കയ്യിലുളള ലോട്ടറി വിറ്റുതീരുന്നവതുവരെ ഇവരിവിടെ ഉണ്ടാകും. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കുണ്ട് കൃഷ്ണപ്രിയക്ക്. ഉപരിപഠനം അനിശ്ചിതത്വത്തിലാകുമോയെന്ന ആശങ്കയുണ്ടെങ്കിലും അച്ഛനെ കൈവിടാന്‍ ഈ മകള്‍ ഒരുക്കമല്ല. ചേച്ചിയും പഠിക്കാന്‍ മിടുക്കിയാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരനിയനുമുണ്ട് കൃഷ്ണപ്രിയക്ക്.
പ്രണയവിവാഹമായിരുന്നതിനാല്‍ രമേശന് ബന്ധുക്കളുടെ സഹായമില്ല. 21 വര്‍ഷമായി പലയിടങ്ങളിലും വാടകയ്ക്കാണ് താമസം. വാടക കൊടുക്കാനാകാതെ വരുമ്പോള്‍ പുതിയ ഇടം തേടി അലയേണ്ടി വരുന്നു.