മകളുടെ ഹരജി തള്ളി; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി
|മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകാൻ ലോറൻസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കുടുംബവും പാർട്ടിയും ആശുപത്രിയെ അറിയിച്ചതോടെയാണ് മകൾ ആശ എതിർപ്പുമായി രംഗത്തെത്തിയത്
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മൃതദേഹം സംസ്കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹരജി തളളിയാണ് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിൾ ബഞ്ചാണ് തള്ളിയത്.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകാൻ ലോറൻസ് ആഗ്രഹം പ്രകടിപ്പിച്ചതായി കുടുംബവും പാർട്ടിയും ആശുപത്രിയെ അറിയിച്ചതോടെ മകൾ ആശ എതിർപ്പുമായി രംഗത്തെത്തുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. മെഡിക്കൽ കോളജിന് മൃതദേഹം വിട്ടുനൽകരുതെന്നും മതാചാരപ്രകാരം പിതാവിനെ അടക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു. കളമശേരി മെഡിക്കൽ കോളജ് ഓഫീസർ വിഷയം തീർപ്പാക്കണമെന്നും കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ വിഷയം പരിഹരിക്കാൻ കളമശേരി മെഡിക്കൽ കോളജ് അഡ്വസൈറി കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മക്കളുടെ ഭാഗങ്ങൾ വിസ്തരിച്ച് കേട്ട അഡ്വൈസറി കമ്മിറ്റി വൈദ്യപഠനത്തിന് വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.