ദയാബായിയുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ്
|തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ദായാബായിക്കൊപ്പം എം.എസ്.എഫ് നേതാക്കൾ ഉപവാസമിരിക്കും
കോഴിക്കോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കു നീതിതേടി സെക്രട്ടറിയേറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ്. 17ന് എം.എസ്.എഫ് നേതാക്കൾ ദയാബായിക്കൊപ്പം നിരാഹാരമിരിക്കും. ഇതേദിവസം കാംപസുകളിൽ ഐക്യദാർഢ്യ പ്രകടനവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസവും ആരോഗ്യ സംരക്ഷണവും ആവശ്യപ്പെട്ട് ദയാബായി കഴിഞ്ഞ 15 ദിവസമായി വെയിലും മഴയും കൊണ്ട് കേരളത്തിന്റെ തലസ്ഥാനത്ത് നിരാഹാര സമരത്തിലാണ്. ഭരണകൂട ഭീകരതയുടെ ഇരകളായ എൻഡോസൾഫാൻ ബാധിതരുടെ നിലനിൽപ്പിനായുള്ള പോരാട്ടം ഒരു ജനതയുടെ ഉത്തരവാദിത്തമായി മാറുകയാണ്. ഇക്കാര്യത്തിൽ ദയാബായി ഒറ്റയ്ക്കല്ലെന്ന് എം.എസ്.എഫ് പ്രഖ്യാപിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ നേതൃത്വത്തിലാണ് എം.എസ്.എഫ് നേതാക്കൾ തിങ്കളാഴ്ച ദയാബായിയുടെ സമരപ്പന്തലിൽ ഉപവാസമിരിക്കുന്നത്. പ്ലക്കാർഡുകൾ ഉയർത്തി കാംപസ് തലങ്ങളിൽ എം.എസ്.എഫ് ഐക്യദാർഢ്യ പ്രകടനം നടത്തും.
Summary: MSF has declared solidarity with the hunger strike of social activist Daya Bai in front of the Secretariat, Thiruvananthapuram, seeking justice for Endosulfan victims