Kerala
ദയാബായിയുടെ സമരം: നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം
Kerala

ദയാബായിയുടെ സമരം: നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം

അര്‍ച്ചന പാറക്കല്‍ തമ്പി
|
18 Oct 2022 3:49 PM GMT

ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ശനിയാഴ്ച ബഹുജന മാർച്ച് നടത്തും

തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കുന്നതിനായി സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച സമരം ശക്തമാക്കുമെന്ന് ദയാബായി. നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തും. ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ശനിയാഴ്ച ബഹുജന മാർച്ച്.

സമര സമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ച് രേഖാമൂലം സർക്കാർ ഉറപ്പ് നൽകിയാൽ മാത്രം സമരം അവസാനിപ്പിക്കാമെന്ന് ദയാബായി വ്യക്തമാക്കിയിരുന്നു. എന്നാൽ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം മാത്രമാണ് സർക്കാർ അംഗീകരിച്ചത്. എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി ദയാബായി നിരാഹാര സമരം നടത്തുകയാണ്.

പാലിയേറ്റീവ് കെയറുകൾ ജില്ലയിലുടനീളം സ്ഥാപിക്കുകയെന്ന സമരസമിതിയുടെ ആവശ്യം സർക്കാർ നൽകിയ രേഖയിൽ പരാമർശിച്ചിട്ടേയില്ല. രണ്ട് മാസം കൂടുമ്പോൾ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന ആവശ്യത്തോടും സർക്കാർ മുഖം തിരിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ ആശുപത്രികളിലും ന്യൂറോ സേവനം ഉറപ്പാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് അംഗീകരിച്ചില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രമേ ന്യൂറോ സേവനം ലഭ്യമാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ദയാബായി സമരം തുടരുമെന്ന് അറിയിച്ചത്.

സമര സമിതി നേതാക്കളുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും സർക്കാർ ഉദ്ദേശിക്കുന്ന കാര്യങ്ങളും ചർച്ചയിൽ വിശദീകരിച്ചുവെന്നുമായിരുന്നു മന്ത്രി വീണാ ജോർജിന്റെ പ്രതികരണം. സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.

Related Tags :
Similar Posts