തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കവര്‍ച്ച; പമ്പ് മാനേജര്‍ക്ക് നഷ്ടമായത് രണ്ടര ലക്ഷ രൂപ
|കണിയാപുരത്തുള്ള പമ്പിൽ മാനേജറായ ഷാ രണ്ടര ലക്ഷം രൂപ ബാങ്കിലടയ്ക്കാനെത്തിയതായിരുന്നു. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്ന മോഷ്ടാവ് പണം തട്ടിപ്പറിക്കുകയായിരുന്നു
തിരുവനന്തപുരം: കണിയാപുരത്ത് നടുറോഡിൽ കവർച്ച. പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്നു. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തി. കണിയാപുരത്തുള്ള എസ്ബിഐ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വെച്ച് ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് കവർച്ച നടന്നത്. കണിയാപുരത്തുള്ള പമ്പിൽ മാനേജറായ ഷാ രണ്ടര ലക്ഷം രൂപ ബാങ്കിലടയ്ക്കാനെത്തിയതായിരുന്നു. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്ന മോഷ്ടാവ് പണം തട്ടിപ്പറിക്കുകയായിരുന്നു.
പിന്നാലെയെത്തിയ ബൈക്കിൽ കടന്നുകളയുകയും ചെയ്തു. ഷാ പിറകെ ഓടിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. പ്രതികളുടെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞു. ഹെൽമറ്റ് ധരിച്ചിരുന്ന പ്രതികൾ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റും ഇളക്കി മാറ്റിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽ നിന്ന് കണ്ടെത്തി. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾക്കായി മംഗലപുരം പൊലീസ് അന്വേഷണം തുടരുകയാണ്.