ഡിസി കലാമന്ദിറിന് വെള്ളിയാഴ്ച തുടക്കമാവും
|സാഹിത്യം, കല, ഡിസൈന്‍, സിനിമ തുടങ്ങിയ മേഖലകളെ സമന്വയിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ കലാസ്ഥാപനമാണ് ഡിസി കലാമന്ദിര്‍
തിരുവനന്തപുരം: ഡിസി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിന്റെ കലാ-സാഹിത്യ പ്രചാരണത്തിനും ഗവേഷണത്തിനും ആവിഷ്കരിച്ച ഡി സി കലാമന്ദിറിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാവുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെയും സഹകരണത്തോടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലാണ് കലാമന്ദിര്‍ പ്രവര്‍ത്തിക്കുന്നത്. സാഹിത്യം, കല, ഡിസൈന്‍, സിനിമ തുടങ്ങിയ മേഖലകളെ സമന്വയിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ കലാസ്ഥാപനമാണ് ഡിസി കലാമന്ദിര്‍.
പ്രശസ്ത ആര്‍ക്കിടെക്റ്റ് യുജിന്‍ പണ്ടാല രൂപകല്പന ചെയ്ത കലാമന്ദിറില്‍ ലൈബ്രറി, ഓഡിയോ സ്റ്റുഡിയോ, ഫിലിം തിയേറ്റര്‍, ചലച്ചിത്ര ചിത്രീകരണത്തിനുള്ള സ്റ്റുഡിയോ ഫ്‌ളോര്‍, കോണ്‍ഫറന്‍സ് ഹാള്‍, ആംഫി തിയേറ്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇരുനൂറ്റമ്പത് വര്‍ഷത്തെ മലയാള പ്രസാധനചരിത്രത്തെ ആവിഷ്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ പ്രസാധന മ്യൂസിയവും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. എഴുത്തുകാര്‍ക്കും മറ്റു കലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവിടെ താമസിച്ചുകൊണ്ട് കലാപ്രവര്‍ത്തനം നടത്താനുള്ള സൗകര്യവും ഡി സി കലാമന്ദിറിലൊരുക്കിയിട്ടുണ്ട്.
25 ന് രാവിലെ 11 ന് സൂര്യകൃഷ്ണമൂര്‍ത്തി, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രേംകുമാര്‍, ഭാഗ്യലക്ഷ്മി, എന്നിവര്‍ ചേർന്നാണ് കലാമന്ദിറിന് തുടക്കം കുറിക്കുന്നത്.