ഡി.സി.സി പട്ടിക: കോൺഗ്രസിൽ ഉടലെടുത്ത പോര് തുടരുന്നു, നടപടികളെടുത്ത് കരുത്ത് കാട്ടി നേതൃത്വം
|കെ.പി.സി.സി നേതൃത്വത്തിനെതിരെ ഒരു ഭാഗത്ത് വെല്ലുവിളി തുടരുമ്പോൾ മറുഭാഗത്ത് നടപടികളെടുത്ത് നേതൃത്വവും കരുത്ത് കാട്ടുന്നു.
ഡി.സി.സി അധ്യക്ഷൻമാരുടെ പ്രഖ്യാപനത്തെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത പോര് തുടരുന്നു. കെ.പി.സി.സി നേതൃത്വത്തിനെതിരെ ഒരു ഭാഗത്ത് വെല്ലുവിളി തുടരുമ്പോൾ മറുഭാഗത്ത് നടപടികളെടുത്ത് നേതൃത്വവും കരുത്ത് കാട്ടുന്നു. ഇതിനിടയിലാണ് ഗ്രൂപ്പുകളെ പിടിച്ചുലക്കുന്ന മറുകണ്ടം ചാട്ടങ്ങൾ അരങ്ങേറുന്നത്.
ബലാബല പരീക്ഷണ വേദിയായി കോൺഗ്രസ് മാറിയിരിക്കുന്നു. ഒരു വശത്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ നേതൃത്വത്തിന് എതിരെ തുറന്നടിച്ച് ഉമ്മൻ ചാണ്ടിയും ഗ്രൂപ്പ് മാനേജർമാരും. മറുഭാഗത്തെ ഗ്രൂപ്പുകളെ അവഗണിച്ച് മുന്നോട്ട് പോകുകയാണ് കെ സുധാകരനും സതീശനും സംഘവും. ഡി.സി.സി അധ്യക്ഷ പട്ടികയുടെ പേരിൽ കേഡർ സംവിധാനമായ 'എ' ഗ്രൂപ്പിൽ തന്നെ വിള്ളൽ വീഴ്ത്താനായെന്ന ആത്മവിശ്വാസത്തിലാണവർ. വിശാല 'ഐ'യിൽ ചെന്നിത്തലയേയും കൂട്ടരേയും ഒരു പരിധിവരെ നിഷ്പ്രഭമാക്കാനും നിലവിലെ നേതൃത്വത്തിനായി.
കെ.പി.സി.സി പുനസംഘടനയ്ക്ക് മുന്നോടിയായി പരമാവധി പേരെ ഗ്രൂപ്പുകൾക്ക് പുറത്ത് എത്തിക്കുകയാണ് ലക്ഷ്യം. മുതിർന്ന നേതാക്കൾ എന്ത് പറഞ്ഞാലും അതിൽ തലവെക്കാതെ വഴിമാറി നടക്കാനാണ് ഔദ്യോഗിക ചേരിയുടെ തീരുമാനം. പക്ഷേ രണ്ടാം നിരയാണ് വാളോങ്ങുന്നതെങ്കിൽ തിരിച്ചടിക്കും. നടപടി എടുക്കുന്നത് തുടരുമെന്നാണ് മുന്നറിയിപ്പ് . മറുവശത്ത് ഇന്നലെ വരെ ഒപ്പം നിന്ന പലരും മൗനികളാവുന്നതും ഗ്രൂപ്പ് മാനേജർമാരെ അലട്ടുന്നു. അതിനാൽ ആരൊക്കെ ഒപ്പം നിൽക്കുമെന്നറിയാൻ തലയെണ്ണി തുടങ്ങിയിരിക്കുകയാണ് നേതാക്കള്.