ഗ്രൂപ്പുകളുടെ അതൃപ്തിക്കിടയില്‍ ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉടന്‍
|കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന നേതാക്കൾ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തും.
ഗ്രൂപ്പുകളുടെ അതൃപ്തി നിലനിൽക്കുമ്പോഴും ഡി.സി.സി. അധ്യക്ഷൻമാരുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ അതൃപ്തി പരിഹരിക്കാനായുള്ള ഇടപെടലും കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും.
കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന നേതാക്കൾ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തും. നിലവിൽ ഗ്രൂപ്പുകൾ കടുംപിടുത്തതിൽ തന്നെയാണ്. സോണിയ ഗാന്ധിയുടെ ഇടപെടലാണ് അവർ പ്രതീക്ഷിക്കുന്നത്. എന്നാൽ കെ. സുധാകരൻ നൽകിയ പട്ടികയിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചനകൾ.
അതേസമയം കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താത്പര്യങ്ങൾ പരിഗണിച്ചായിരിക്കും പ്രഖ്യാപനം. രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്. ഗ്രൂപ്പുകൾ നിലവിലെ നിലപാടിൽ ഉറച്ചു നിന്നാൽ ഡി.സി.സി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചാലും കോൺഗ്രസിൽ പ്രശ്നങ്ങൾ അടങ്ങാൻ സാധ്യതയില്ല.