തൃശൂരിലെ ഞെട്ടിക്കുന്ന തോൽവി; രാജിസന്നദ്ധത അറിയിച്ച് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ
|തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്നലെയാണ് ജോസ് വള്ളൂർ രാജി സന്നദ്ധത അറിയിച്ചത്
തൃശ്ശൂര്‍: തൃശൂരിലെ തോൽവിക്ക് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയുമാണ് സന്നദ്ധത അറിയിച്ചത്. രാജി വെക്കേണ്ടതില്ലെന്നും ആദ്യം പരാജയകാരണം വിലയിരുത്തട്ടെയെന്നും നേതൃത്വം മറുപടി നൽകി. ഇന്നലെയാണ് ജോസ് വള്ളൂർ രാജി സന്നദ്ധത അറിയിച്ചത്.
അതേസമയം, തൃശ്ശൂരിൽ ജില്ലാ കോൺഗ്രസ് നേത്വത്തിനെതിരെ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിനു മുന്നിലും തൃശ്ശൂർ പ്രസ് ക്ലബ്ബിനു മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നേതൃത്വത്തെ പേരെടുത്ത് കുറ്റപ്പെടുത്തിയുള്ള പോസ്റ്റർ നേതാക്കളിടപെട്ട് കീറി ഒഴിവാക്കി.
ഇന്നലെയും ടി.എൻ പ്രതാപനും തൃശൂർ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ രാജിവെക്കണം, പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്നും ഡിസിസി ഓഫീസിന് മുന്നിൽ വെച്ച പോസ്റ്ററിൽ പറയുന്നു.പോസ്റ്ററുകൾ പിന്നീട് ഒരു വിഭാഗം പ്രവർത്തകർ എത്തി നീക്കം ചെയ്തു.
സംഘ്പരിവാറിന് നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മുഹമ്മദ് ഹാഷിം, എബിമോൻ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. തൃശ്ശൂരിലെ പരാജയത്തിന് കാരണക്കാർ കോൺഗ്രസ് ജില്ലാ നേതൃത്വമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു.