മഹാരാജാസിലെ വ്യാജരേഖയിൽ രാഷ്ട്രീയ ഇടപെടലെന്ന് മുഹമ്മദ് ഷിയാസ്; എസ്എഫ്ഐ- ഇടത് അധ്യാപക സംഘടനാ സഹായവും
|എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയോടൊപ്പം കോളജിൽ പഠിച്ച ഈ പെൺകുട്ടിക്ക് അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഈ സർട്ടിഫിക്കറ്റെല്ലാം ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.
കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ പൂർവ വിദ്യാർഥിനി വ്യാജരേഖ ചമച്ചതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എസ്എഫ്ഐയുടെയും ഇടതു അധ്യാപക സംഘടനകളുടെയും സഹായത്തോടെയാണ് വ്യാജ രേഖ ഉണ്ടാക്കിയിരിക്കുന്നത്.
പരാതി ഉയർന്നപ്പോൾ ഒന്നും അറിയില്ല എന്ന കോളജ് വിശദീകരണം സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ് എന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. കോളജിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയോടൊപ്പം കോളജിൽ പഠിച്ച ഈ പെൺകുട്ടിക്ക് അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഈ സർട്ടിഫിക്കറ്റെല്ലാം ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.
എന്തും ചെയ്യാമെന്ന അവസ്ഥയാണ്. കോളജിന്റെ സീലും ഡയറക്ടറുടെ ഒപ്പും ഉൾപ്പെടെയുള്ളവ വ്യാജമായി ഉണ്ടാക്കിയതാണോ അതോ ആരെങ്കിലും എടുത്തുകൊടുത്തതാണോ എന്നത് അന്വേഷണത്തിലേ വ്യക്തമാവൂ. മഹാരാജാസ് കോളജ് ഇതെല്ലാം നടക്കുന്ന ഒരിടമായി മാറി.
അതേസമയം, പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം സംബന്ധിച്ച കോളജിന്റെ വിശദീകരണം വിശദീകരണ യോഗ്യമല്ല. പരീക്ഷയെഴുതിയ മറ്റു കുട്ടികളുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ അതിലൊന്നും വരാത്ത തെറ്റ് ആർഷോയുടെ ഫലത്തിൽ മാത്രം ഉണ്ടായി എന്നു പറയുന്നത് വിശ്വസിക്കാനാവില്ല.
കോളജിൽ എസ്എഫ്‌ഐയ്‌ക്കൊരു നിയമം, മറ്റു വിദ്യാർഥികൾക്കൊരു നിയമം എന്ന രീതിയാണ്. മാനേജ്‌മെന്റിന്റെ അറിവോടെയാണ് പി.എം ആർഷോയുടെ പരീക്ഷാഫലത്തിലെ കൃത്രിമവും പൂർവവിദ്യാർഥിനിയുടെ വ്യാജരേഖ ചമയ്ക്കലും ഉണ്ടായിട്ടുള്ളതെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷയുടെ മാർക്ക് ലിസ്റ്റിലാണ് വിവാദം. മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റിൽ ആർഷോ പരിക്ഷ പാസായി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു.
ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ലാത്ത മാർക്ക് ലിസിറ്റിലാണ് ആർഷോ പരീക്ഷ പാസായി എന്നാണ് എഴുതിയിരിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ട് എന്നാണ് കെ.എസ്.യു ആരോപണം. എന്നാൽ, ഫലം പ്രസിദ്ധികരിച്ചതിലെ സങ്കേതിക തകരാറാണ് കാരണമെന്നാണ് കോളജിന്റെ വിശദീകരണം. വിഷയം പരിശോധിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
കാസർകോട് സ്വദേശിനിയാണ് മഹാരാജാസിന്റെ പേരിൽ വ്യാജ രേഖ ചമച്ച് ഗെസ്റ്റ് ലെക്ചർ നിയമനം നേടിയത്. മഹാരാജാസിൽ ഗസ്റ്റ് ലക്ചറായിരുന്നുവെന്ന രേഖ കാണിച്ച് അട്ടപ്പാടി സർക്കാർ കോളജിലാണ് ഇവർ ജോലിക്ക് കയറിയത്. 2018- 19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറായിരുന്നു എന്ന് കാണിച്ചായിരുന്നു തട്ടിപ്പ്.
പൂർവ വിദ്യാര്‍ഥിനി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലത്തിലും മറ്റ് വിവരങ്ങളിലും അട്ടപ്പാടി സർക്കാർ കോളജിലെ അധികൃതര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളജിനെ ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് വിദ്യാര്‍ഥിനി ഗസ്റ്റ് ലക്ചറായി ജോലി ചെയ്തിട്ടില്ലെന്ന് മനസിലായത്.
മഹാരാജാസിലെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായിരുന്നെന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പത്തു വര്‍ഷത്തിനിടെ മലയാളം വിഭാഗത്തില്‍ ഇത്തരത്തില്‍ നിയമനം നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കുന്നത്. വ്യാജരേഖ ചമച്ചെന്ന് കാണിച്ച് മഹാരാജാസ് കോളജ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.