കോൺഗ്രസ് പുനസംഘടനയിൽ നാളെ തീരുമാനമുണ്ടായേക്കും; ധാരണയായത് മൂന്ന് ജില്ലകളിൽ മാത്രം
|കെ.സുധാകരനും വി.ഡി സതീശനും നാളെ വീണ്ടും കൂടിക്കാഴ്ച നടത്തും
കോൺഗ്രസ് പുനസംഘടന പട്ടികയിൽ നാളെ ധാരണയുണ്ടായേക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും നാളെ തുടർ ചർച്ച നടത്തും. നിലവിൽ മൂന്ന് ജില്ലകളിലാണ് പൂർണ ധാരണ രൂപപ്പെട്ടത്. ബാക്കി ജില്ലകളിലെ പട്ടികയിൽ കൂടി ധാരണയായ ശേഷം മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് ഹൈക്കമാന്റ് അംഗീകാരത്തിനായി പട്ടിക കൈമാറും. ബുധനാഴ്ചയോടെ ബ്ലോക്ക് പ്രസിഡന്റുമാരെയും ഡി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് ശ്രമം.
കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള പട്ടിക തയ്യാറാക്കിയതിൽ അപാകതകളുണ്ടെന്ന എ.ഐ.സി.സി വാദം കെ.പി.സി.സി നേതൃത്വം തള്ളിയിരുന്നു . മതിയായ ആശയ വിനിമയം നടത്തിയാണ് ചുരുക്ക പട്ടിക തയാറാക്കിയതെന്ന വാദമാണ് കെ. സുധാകരനുള്ളത്. പ്രതിപക്ഷ നേതാവിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് സുധാകര പക്ഷത്തിന്റെ നിലപാട്.
കരട് പട്ടികയിൻമേൽ സുധാകരനുമായി സതീശൻ അനുകൂലികൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും വിട്ടു വീഴ്ച്ച ചെയ്ത് പട്ടികയിൽ മാറ്റം വരുത്താൻ ധാരണയിലെത്തിയിരുന്നു. എം.പി മാരുടെ പരാതിയുണ്ടെന്ന പേരിൽ ആയിരുന്നു ഹൈക്കമാന്റ് പുനസംഘടന നിർത്തിവെച്ചത്. ഇതിൽ രോഷാകുലനായ സുധാകരൻ പദവി ഒഴിയും എന്ന് വരെ എ.ഐ.സി.സിയെ അറിയിച്ചുരുന്നു. കെ.സി വേണുഗോപാലും സതീശനും ചേർന്നു പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധാകരന്റെ പരാതി. കെ.സുധാകരനുമായി സമവായത്തിലെത്തി രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ചു നീങ്ങാനാണ് വി.ഡി സതീശൻറെ നീക്കം. പ്രശ്നങ്ങൾക്ക് പിന്നിൽ കെ. സി വേണുഗോപാലാണെന്ന ആക്ഷേപങ്ങൾ തള്ളിയാണ് സതീശൻറെ പ്രതികരണം. പട്ടിക പ്രഖ്യാപിച്ചാലും പാർട്ടിയിൽ രൂക്ഷമായ ഭിന്നത അവസാനിക്കാനുള്ള സാധ്യത കുറവാണ്.