കോഴിക്കോട്ട് ചത്ത കോഴികളുടെ വിൽപന; സാംപിൾ പരിശോധനയിൽ അണുബാധ കണ്ടെത്തി
|എരഞ്ഞിക്കലിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് 114 ഇരുമ്പ് ബോക്‌സുകളിൽ സൂക്ഷിച്ച ചത്ത കോഴികളെ കണ്ടെത്തിയത്
കോഴിക്കോട്: ചിക്കൻ സ്റ്റാളുകളിൽ ചത്ത കോഴികളുടെ വിൽപന പിടികൂടിയതിനു പിന്നാലെ സാംപിൾ പരിശോധനയിൽ അണുബാധ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിക്കല്ലിൽ വിൽക്കാൻവച്ച ചത്ത കോഴികൾക്കാണ് അണുബാധയുള്ളതായി ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായത്. ഇതോടെ ജില്ലയിലെ കോഴിക്കടകളിൽ പരിശോധനയ്ക്കായി സ്ഥിരസംവിധാനം ഏർപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുകയാണ്.
ബി.കെ.എം ചിക്കന്റെ വിവിധ വിൽപനകേന്ദ്രങ്ങൾ വഴിയാണ് കോഴിക്കോട്ട് ചത്ത കോഴികളെ വിറ്റഴിച്ചിരുന്നത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എരഞ്ഞിക്കലിലെ ഗോഡൗണിൽ 114 ഇരുമ്പ് ബോക്‌സുകളിൽ സൂക്ഷിച്ച ചത്ത കോഴികളെ കണ്ടെത്തിയിരുന്നു. ഏകദേശം 3,500 കിലോയിലധികം വരുന്നതായിരുന്നു ഇത്. തുടർന്ന് കോഴികളുടെ സാംപിൾ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിച്ചത്.
മറ്റിടങ്ങളിൽ കോഴിക്ക് 200 രൂപ വിലയുള്ളപ്പോൾ 120 രൂപയ്ക്കായിരുന്നു ബി.കെ.എം ചിക്കനിലെ വിൽപന. ഇത്തരം ഇറച്ചി സംസ്ഥാനത്ത് എത്തുന്നതും വിൽക്കുന്നതും തടയാൻ സ്ഥിരമായ പരിശോധനാ സംവിധാനം നടപ്പാക്കണമെന്നാണ് ഇറച്ചി വ്യാപാരികൾ ആവശ്യപ്പെടുന്നത്. ഇറച്ചി വാങ്ങുന്നവർക്ക് അരിയും പച്ചക്കറിയും സൗജന്യമായി വിതരണം ചെയ്തടക്കം ബി.കെ.എം ചിക്കൻ നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Summary: Infection was detected in the sample of the caught dead chickens, in chicken stalls in Kozhikode