പെരിയാറിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
|മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി
കൊച്ചി: പെരിയാറിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തിൽ വീട്ടിൽ നവാസിന്റെ മകൻ നിസാമുദ്ദീന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. മുളവുകാട് ടവർലൈൻ ജെട്ടിക്ക് സമീപത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
ഞായറാഴ്ച രാവിലെയാണ് ആലുവ മണപ്പുറം കടവിൽ മട്ടാഞ്ചേരി സ്വദേശിയായ ബിലാൽ എന്ന് വിളിക്കുന്ന നിസാമുദ്ദീൻ കുളിക്കാനിറങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ബിലാൽ പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ മധ്യഭാഗത്ത് വെച്ച് മുങ്ങി പോവുകയായിരുന്നു. പിന്നീട് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്ന് ദിവസമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകിട്ടോടുകൂടി മുളവുകാട് ജെട്ടിയിൽ അജ്ഞാത നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി. കൊല്ലം പള്ളിമൺ ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. അയത്തിൽ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ നൗഫലിനെ ഇന്നലെ വൈകിട്ടോടുകൂടിയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ ഇന്നലെ തന്നെ രക്ഷപെടുത്തിയിരുന്നു.
അതേസമയം സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ട്. ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ടുള്ളത്. പത്തനംതിട്ട ആലപ്പുഴ തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ തുടങ്ങി എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.