വി.സിമാർക്ക് വിശദീകരണം നൽകാനുള്ള സമയപരിധി നീട്ടി നൽകി: ഗവർണർ
|'ശമ്പളം തിരികെ പിടിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ല'
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാല വി സിമാർക്ക് വിശദീകരണം നൽകാനുള്ള സമയപരിധി നീട്ടി നൽകിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർമാരുടെ ശമ്പളം തിരികെ പിടിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നം ഗവർണർ വിശദീകരിച്ചു. കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ വി.പി മഹാദേവൻ പിള്ള ഒഴികെയുള്ളവർ ആരും ഇതുവരെ ഗവർണർക്ക് വിശദീകരണം നൽകിയിട്ടില്ല.
എന്ത് കൊണ്ടാണ് നിശ്ചയിച്ചു നൽകിയ സമയത്തിനകം രാജിവയ്ക്കാതിരുന്നത് എന്ന കാരണം അറിയിക്കാനാണ് ഗവർണർ വൈസ് ചാൻസിലർമാർക്ക് നോട്ടീസ് നൽകിയത്. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, കാലിക്കറ്റ്, മലയാളം, സാങ്കേതിക സർവകലാശാല വിസിമാർക്ക് ഇത് പ്രകാരം നോട്ടീസ് ലഭിച്ചു. ഇന്ന് വരെ ആയിരിന്നു വിശദീകരത്തിനുള്ള സമയപരിധി എങ്കിലും അത് നീട്ടി നൽകിയതായി ഗവർണർ പറഞ്ഞു. ഏഴാം തീയതി വരെ സമയം നൽകിയെന്നും വൈസ് ചാൻസലർമാരുടെ ശമ്പളം തിരികെ പിടിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു
സംസ്ഥാനത്തിനു പുറത്തുള്ള ഗവർണർ നാളെ കേരളത്തിൽ മടങ്ങിയെത്തും. കൊച്ചിയിലെത്തുന്ന ഗവർണർ ഏഴാം തിയതിയാണ് രാജ്ഭവനിലേക്ക് എത്തുക. നിയമോപദേശം കൂടി പരിഗണിച്ച ശേഷം ഗവർണർ വിഷയത്തിൽ തീരുമാനമെടുക്കും
അതേസമയം, കൂടിയാലോചനയ്ക്കും നിയമോപദേശത്തിനും ശേഷം മറുപടി നൽകാനായിരുന്നു വിസിമാർ ആദ്യം തീരുമാനിച്ചത്. എന്നാൽ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചതിനാൽ വിധി വന്നശേഷം മറുപടി നൽകുന്നതിൽ തീരുമാനമെടുക്കാമെന്നാണ് വി.സിമാരുടെ നിലപാട്. ഡിജിറ്റൽ, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വി.സിമാർക്ക് കാരണം കാണിക്കാൻ നൽകിയ നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കും.