'മണിയുടെ പുലയാട്ടുകൾ കേരളത്തിലെ ജനം കേൾക്കേണ്ട അവസ്ഥ'; മറുപടിയുമായി ഡീൻ കുര്യാക്കോസ്
|തന്നെ തെറി പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും കേരളത്തിലെ ജനങ്ങൾ അത് വിലയിരുത്തുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇടുക്കി: എം.എം മണിയുടെ അധിക്ഷേപത്തിന് മറുപടിയുമായി ഡീൻ കുര്യാക്കോസ് എം.പി. നാടൻ പ്രയോഗം എന്നപേരിൽ എം.എം മണി പറയുന്ന പുലയാട്ടുകൾ കേരളത്തിലെ ജനങ്ങൾ കേൾക്കേണ്ട അവസ്ഥയാണ്. സാംസ്കാരിക നായകരും മാധ്യമങ്ങളും എം.എം മണിക്ക് വിശുദ്ധ പദവി നൽകുന്നു. തന്നെ തെറി പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും കേരളത്തിലെ ജനങ്ങൾ അത് വിലയിരുത്തുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
അസഭ്യം പറയാൻ ലൈസൻസുള്ള പോലെയാണ് മണിയുടെ ശൈലി. മണിയുടെ ശൈലിയിൽ താൻ തിരിച്ചു മറുപടി പറയില്ല. ഇടുക്കിയിലെ സങ്കീർണ്ണമായ കാർഷിക ഭൂപ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത് എം.എം മണിയും ഭാഗമായ എൽ.ഡി.എഫ് സർക്കാറാണെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.
ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും എന്നായിരുന്നു എം.എം മണിയുടെ അധിക്ഷേപം. ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണ് ഡീൻ കുര്യാക്കോസ്. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ട്. കെട്ടിവച്ച കാശ് പോലും കൊടുക്കരുത്. ഡീനിന് മുൻപ് ഉണ്ടായിരുന്ന പി.ജെ കുര്യൻ പെണ്ണ് പിടിയനാണെന്നും എം.എം മണി പറഞ്ഞു. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു എം.എം മണിയുടെ പ്രസംഗം.