Kerala
കോവിഡ് മാനദണ്ഡം പാലിച്ചാണ് ഇടമലക്കുടിയില്‍ പോയത്; മറിച്ചുള്ള ആരോപണങ്ങള്‍ അസംബന്ധം- ഡീന്‍ കുര്യാക്കോസ്
Kerala

കോവിഡ് മാനദണ്ഡം പാലിച്ചാണ് ഇടമലക്കുടിയില്‍ പോയത്; മറിച്ചുള്ള ആരോപണങ്ങള്‍ അസംബന്ധം- ഡീന്‍ കുര്യാക്കോസ്

Web Desk
|
13 July 2021 12:20 PM GMT

താൻ അവിടെ സന്ദർശനം നടത്തിയത് ജൂൺ 27-ാം തീയതിയാണ്. അതുകഴിഞ്ഞു 16 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. തനിക്കെതിരേ ആരോപണം ഉന്നയിക്കും മുമ്പ് സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഡീൻ കുര്യാക്കോസിന്റെ സന്ദർശനമാണ് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിക്കാൻ കാരണമായതെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡീൻ കുര്യോക്കോസ് എം.പി.

കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് താൻ അവിടെ പോയത്. അല്ലാതെയുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് ഡീൻ കുര്യോക്കേസ് എംപി പറഞ്ഞു.

താൻ അവിടെ സന്ദർശനം നടത്തിയത് ജൂൺ 27-ാം തീയതിയാണ്. അതുകഴിഞ്ഞു 16 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. തനിക്കെതിരേ ആരോപണം ഉന്നയിക്കും മുമ്പ് സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നിൽ നിന്നാണ് വന്നതെങ്കിൽ അതും അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ശേഷം അവിടെ പോയവരുടെ വിവരങ്ങളും അന്വേഷിക്കണം, അല്ലാതെ തനിക്ക് നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. 'കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഞാൻ അവിടെ പോയത്.എന്റെ കൂടെയുണ്ടായിരുന്നവരെ കുറിച്ചും എനിക്ക് കരുതലുണ്ടായിരുന്നു'.- അദ്ദേഹം പറഞ്ഞു.

അന്ന് താൻ അവിടുത്തെ പഞ്ചായത്ത് മെമ്പറുമായും സ്‌കൂളിലെ മൂന്ന് അധ്യാപകരുമായി മാത്രമാണ് സമ്പർക്കം പുലർത്തിയിരുന്നത് ഡീൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ 16 ദിവസങ്ങൾക്കിടയിൽ അവിടെ പോയത് ആരെല്ലാമാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പൂർണമായും സുരക്ഷിതമാക്കാൻ തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ തന്നെ ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്ത ഏക പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇരുപ്പ്ക്കല്ല് ഊരിലെ 40 കാരിക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് ബാധിച്ചത്.

കോവിഡ് ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിൽ ഇതുവരെയും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പഞ്ചായത്തിൽ നിന്ന് പുറത്തുപോയ ഒരാൾക്ക് മറ്റൊരിടത്ത് വച്ച് കോവിഡ് ബാധിച്ചിരുന്നു എന്നത് ഒഴിച്ചു നിർത്തിയാൽ കോവിഡ് ഇടമലക്കുടിയിൽ ഇതുവരെ എത്തിനോക്കിയിട്ട് പോലും ഉണ്ടായിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ലായിരുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ കുറേ കൂടി കർശനമായ വിലക്ക് അവിടുത്തെ ഊരു മൂപ്പൻമാർ ഏർപ്പെടുത്തിയിരുന്നു. അങ്ങനെകൂടിയായിരുന്നു കോവിഡിനെ അവർ പ്രതിരോധിച്ചിരുന്നത്.

Similar Posts