Kerala
വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച് മരണം; യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
Kerala

വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച് മരണം; യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

Web Desk
|
28 Oct 2022 5:14 AM GMT

ഷാരോൺ രാജിന്റെ വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതായി കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിന്റെ(23) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതാണ് മരണ കാരണമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഷാരോണിന്റെ പിതാവ് പൊലീസിൽ പരാതി നൽകി .

ഈ മാസം 25നാണ് ഷാരോൺ മരിച്ചത്. പതിനാലാം തീയതിയാണ് വനിതാ സുഹൃത്തിനെ കാണാനായി ഷാരോൺ രാജ് തമിഴ്‌നാട്ടിലുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നത്. അവിടെ വച്ച് പെൺകുട്ടി കഷായവും ഒരു മാംഗോ ജ്യൂസും കുടിക്കാൻ കൊടുത്തെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഈ പാനീയം കുടിച്ച ഷാരോൺ രാജ് ഛർദിച്ചുകൊണ്ടാണ് പുറത്തിറങ്ങി വന്നതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. വീട്ടിലെത്തിയ ശേഷവും ഛർദി തുടരുകയായിരുന്നു.

തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊണ്ടുപോയി. അടുത്ത ദിവസമാണ് വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതായി മനസിലാക്കുന്നത്. നാല് തവണ ഡയാലിസിസ് ചെയ്തു. ഈ സമയത്തിനകം തന്നെ വായിൽ വ്രണങ്ങളും മറ്റും വന്നെന്നും ഷാരോണിന്റെ ബന്ധുക്കൾ പറയുന്നു. ഷോരോണിന്‍റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. 25 ാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് ഷാരോൺ രാജ് മരിക്കുന്നത്.

വനിതാ സുഹൃത്തുമായിട്ട് രണ്ടുമൂന്നു വർഷത്തെ പരിചയം ഉണ്ടായിരുന്നതായും ഈ ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് അതിൽ എതിർപ്പുണ്ടായിരുന്നെന്നും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. മരണത്തിൽ ദുരൂഹത ഏറെയുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഷാരോൺ രാജിന്റെ കുടുംബത്തിന്റെ ആവശ്യം. ഇന്നലെയാണ് കുടുംബം പാറശാല പൊലീസില്‍ പരാതി നല്‍കിയത്.


Similar Posts