'മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല'; അന്തരിച്ച സംയുക്ത സേനാ മേധാവിയെ വിമര്‍ശിച്ച് അഡ്വ. രശ്മിത, പിന്നാലെ സൈബര്‍ ആക്രമണം
|രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്
ഊട്ടി കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിനെ വിമര്‍ശന വിധേയമായി അനുസ്മരിച്ച് സുപ്രീംകോടതി അഭിഭാഷകയും ഗവണ്‍മെന്‍റ് പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രൻ. ഇന്ത്യയുടെ ഭരണ ഘടനാ സങ്കൽപങ്ങൾ മറികടന്നാണ് ബിപിൻ റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചതെന്ന് രശ്മിത വിമര്‍ശിച്ചു. കാശ്മീരി പൗരനെ മനുഷ്യകവചമായി തന്‍റെ ജീപ്പിന്‍റെ മുൻവശത്ത് കെട്ടിയിട്ട വിവാദ സംഭവവും വികലാംഗ പെൻഷനുമായി ബന്ധപ്പെട്ട റാവത്തിന്‍റെ നിലപാടും രശ്മിത ഓര്‍ത്തെടുത്തു. കല്ലെറിയുന്നവർക്കെതിരെ ശക്തമായി ആയുധങ്ങൾ പ്രയോഗിക്കണമെന്ന് റാവത്ത് പറഞ്ഞതായും പൗരത്വ പ്രക്ഷോഭക്കാർക്കെതിരെ ശക്തമായ ഭാഷ ഉപയോഗിച്ചതായും രശ്മിത അക്കമിട്ട് നിരത്തുന്നു.
അതെ സമയം രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരാണ് രൂക്ഷ പ്രതികരണങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി രംഗത്തുവന്നിരിക്കുന്നത്. പുറത്തുള്ള ശത്രുവിനേക്കാൾ അപകടകാരിയാണ് ഉള്ളിലെ ശത്രുവെന്നും രാജ്യദ്രോഹികളെയും കഴുകന്മാരെയും തിരിച്ചറിഞ്ഞതായുമുള്ള ഒരാളുടെ കമന്‍റിനോട് അതെ...നമ്മുടെ രാഷ്ട്രപിതാവിനെ കൊന്നവർക്കെതിരെ നമുക്ക് പ്രവർത്തിക്കാമെന്നാണ് രശ്മിത മറുപടി നല്‍കിയത്.
രശ്മിത രാമചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യയുടെ സേനകളുടെ പരമോന്നത കമാൻഡർ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കൽപ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചത്. ഈ വേളയിൽ ഇതും കൂടി ഓർക്കുന്നത് നല്ലതാണ്.
1. രണ്ട് വർഷം മുമ്പ് റാവത്ത് സൈനിക മേഖലയിലെ സുസ്ഥിര പരിശ്രമത്തിന് മേജർ ലീതുൽ ഗൊഗോയിക്ക് സൈനിക മേധാവിയുടെ കമൻഡേഷൻ കാർഡ് സമ്മാനിച്ചിരുന്നു. കലാപ മേഖലകളിലെ സ്ഥൈര്യം മുൻ നിർത്തിയാണ് അത് നൽകിയത്. 2017ൽ ഒരു കാശ്മീരി പൗരനെ തന്‍റെ ജീപ്പിന്‍റെ മുൻവശത്ത് കെട്ടിയിട്ടതിനെത്തുടർന്ന് ഗൊഗോയ് ഒരു വിവാദത്തിൽ കുടുങ്ങിയിരുന്നു.
2. വികലാംഗ പെൻഷനുമായി ബന്ധപ്പെട്ട റാവത്തിന്‍റെ നിലപാടും ഒരു തർക്കം സൃഷ്ടിച്ചിരുന്നു. 'വികലാംഗർ' എന്ന് വ്യാജമായി വിളിക്കുകയും വികലാംഗ പെൻഷനിലൂടെ തങ്ങളുടെ വൈകല്യം അധിക പണം സമ്പാദിക്കാനുള്ള മാർഗമാക്കുകയും ചെയ്യുന്ന സൈനികർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
3. കോംപാറ്റ് റോളുകളിൽ വനിതാ സൈനികരെ നിയമിച്ചാൽ യുദ്ധ വേഷങ്ങളിലുള്ള അവർ വസ്ത്രം മാറുന്നതിനിടയിൽ പുരുഷൻമാർ തുറിച്ചുനോക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാൻ ഇടയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.
4. കല്ലെറിയുന്നവർക്കെതിരെ ശക്തമായി ആയുധങ്ങൾ പ്രയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെ സൈന്യത്തിന് തിരിച്ചടിക്കാൻ കഴിയും.
5. പൗരത്വ പ്രക്ഷോഭക്കാർക്കെതിരെ അദ്ദേഹം ശക്തമായ പരാമർശങ്ങൾ നടത്തിയിരുന്നു.
മരണം ഒരു വ്യക്തിയെ ഒരിക്കലും വിശുദ്ധനാക്കുന്നില്ല!