സൈക്കിൾ പോളോതാരം നിദ ഫാത്തിമയുടെ മരണം പാർലമെന്റിലും; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി
|കേരളത്തിന്റെ മത്സരാർഥികളെ ആട്ടിയോടിക്കാൻ ശ്രമം നടത്തിയെന്ന് എ.എം ആരിഫ് എംപി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി സൈക്കിൾ പോളോ താരം നിദ ഫാത്തിമ മരിച്ച സംഭവം പാർലമെന്റിൽ ഉന്നയിച്ച് എ.എം ആരിഫ് എംപി. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ കിടമത്സരമാണ് പ്രശ്നങ്ങൾക്ക് കാരണം. 'കേരളത്തിന്റെ മത്സരാർഥികളെ ആട്ടിയോടിക്കാൻ ശ്രമം നടത്തി. കേന്ദ്ര സ്പോർട്സ് വകുപ്പ് നിദ ഫാത്തിമയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും എ.എം ആരിഫ് മീഡിയവണിനോട് പറഞ്ഞു.
സംഭവത്തില് വളരെ കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് പി.സന്തോഷ് കുമാർ എം.പി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് പോകുന്ന കുട്ടികളുടെ താമസം,ഭക്ഷണം കാര്യത്തിൽ ശ്രദ്ധയും മുൻകരുതലും ബന്ധപ്പെട്ടവർ എടുത്തിട്ടില്ലെന്നാണ് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, നിദ ഫാത്തിമയുടെ മരണം ഹൈക്കോടതിയിൽ അവതരിപ്പിച്ച് അഭിഭാഷകർ. കോടതി ഉത്തരവോടെ എത്തിയിട്ടും വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് അഭിഭാഷകർ അറിയിച്ചു. കോടതയലക്ഷ്യ ഹരജി നൽകാൻ ഹൈക്കോടതി അഭിഭാഷകർക്ക് അനുമതി നൽകി. സൈക്കിൾ പോളോ താരങ്ങൾ ദുരിതം അനുഭവിച്ചെന്ന് അഭിഭാഷകർ അറിയിച്ചു. ഹരജി ഉച്ചക്ക് ജസ്റ്റിസ് വിജി അരുൺ പരിഗണിക്കും.
നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണായകമാകും. നിദയുടെ പിതാവ് ശിഹാബ് ഇന്നലെ രാത്രി നാഗ്പൂരിൽ എത്തിയിരുന്നു. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആലപ്പുഴ എം പി എ എം ആരിഫും ആവശ്യപ്പെട്ടു. നിദയുടെ മരണത്തിൽ നാഗ്പൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ മൃതദേഹം നാട്ടിൽ എത്തിച്ചേക്കും.