അരുണാചൽ പ്രദേശിൽ ദമ്പതികളടക്കമുള്ളവരുടെ മരണം; അന്വേഷണം ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച്
|രക്തം വാർന്നൊഴുകാൻ മുറിവുകളുണ്ടാക്കിയത് കഴുത്തിലും കൈകളിലും
തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ അന്വേഷണം ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് നടത്താനൊരുങ്ങി പൊലീസ്.
ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകൾ കിട്ടിയെന്ന് പൊലീസ്.രക്തം വാർന്നൊഴുകാൻ മുറിവുകളുണ്ടാക്കിയത് കഴുത്തിലും കൈകളിലും.ആര്യയുടെ കഴുത്തിലും നവീന്റെയും ദേവിയുടെയും കൈകളിലുമാണ് മുറിവുകൾ.മൂന്നുപേരും താമസിച്ചത് ഒരേമുറിയിലാണെന്നും ആത്മഹത്യാക്കുറിപ്പിൽ ഒപ്പിട്ടുവെന്നും പൊലീസ് വെളിപ്പെടുത്തി.
അതെ സമയം ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെയും മരണത്തിൽ വ്യക്തത വന്നിട്ടില്ല. നവീനും ദേവിയും ആര്യയും ദുർമന്ത്രവാദത്തിന്റെ പിടിയിൽ അകപ്പെട്ടെന്ന് മൂന്നുപേരുടെയും മരണത്തിന്റെ പിന്നാലെ നാട്ടുകാരും ബന്ധുക്കളും ആരോപണമുന്നയിച്ചിരുന്നു.
ഇതിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകളും നവീന്റെ ഫോണിൽ നിന്ന് അരുണാചൽപ്രദേശ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനാണ് കേരള പോലീസിന്റെ തീരുമാനം.
ഇന്നലെ രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസ് അരുണാചൽപ്രദേശിലേക്ക് യാത്രതിരിച്ചിരുന്നു. ഇന്ന് ഇറ്റാനഗറിലെ ഹോട്ടലിൽ എത്തുന്ന കേരളാ പൊലീസ് വിശദമായ പരിശോധന നടത്തും. ഇതിനുശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക.
വട്ടിയൂർക്കാവ് സ്വദേശിയായ ദേവി വിവാഹത്തിനുശേഷം കോട്ടയത്ത് നവീന്റെ മീനടത്തെ വീട്ടിലായിരുന്നു താമസം. വല്ലപ്പോഴുമാണ് തിരുവനന്തപുരത്തേക്ക് വന്നിരുന്നത്. ആര്യയുമായി ദേവിക്കും നവീനും ഉള്ള ബന്ധവും പൊലീസ് അന്വേഷിക്കും. അടുത്തമാസം ആര്യയുടെ വിവാഹം നടത്താൻ കുടുംബം ആലോചിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് മാതാപിതാക്കളും പറയുന്നു.