Kerala
Death of a fire force staff while trying to put out the fire by demolishing the building thumba kinfra
Kerala

ഫയർഫോഴ്സ് ജീവനക്കാരന്റെ മരണം കെട്ടിടം പൊളിച്ച് തീയണക്കാൻ ശ്രമിക്കുന്നതിനിടെ; നോവായി രഞ്ജിത്

ഷിയാസ് ബിന്‍ ഫരീദ്
|
23 May 2023 1:34 AM GMT

സഹപ്രവർത്തകന്റെ വിയോ​ഗത്തിലും പിന്മാറാതെ രക്ഷാപ്രവർത്തനം തുടരുകയും തീ പൂർണമായും അണയ്ക്കാൻ പരിശ്രമിക്കുകയും ചെയ്ത അ​ഗ്നിശമന സേനയുടെ പ്രവൃത്തി കൈയടി നേടുന്നുണ്ട്.

തിരുവനന്തപുരം: തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഫയർഫോഴ്സ് ജീവനക്കാരന് ജീവൻ നഷ്ടമായത് കെട്ടിടം പൊളിച്ചുള്ള രക്ഷാപ്രവർത്തനത്തിനിടെ. അഗ്നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായ രഞ്ജിത് (32) ആണ് മരിച്ചത്. രാവിലെ 1.30ഓടെ തീപിടിത്തം ഉണ്ടായ കാര്യം സെക്യൂരിറ്റി ജീവനക്കാരനാണ് ഫയർഫോഴ്സിനെ അറിയിച്ചത്. വിവരം അറിഞ്ഞയുടൻ പത്ത് മിനിറ്റിനുള്ളിൽ തന്നെ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾ പാഞ്ഞെത്തുകയായിരുന്നു.

മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലായിരുന്നു തീപിടിത്തം. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെയാണ് ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് അപകടത്തിൽപ്പെട്ടത്. കെട്ടിടം പൊളിച്ചുനടത്തിയ രക്ഷാപ്രവർത്തനത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50ഓടെ മരിച്ചു.

രക്ഷാപ്രവർത്തനത്തിനിടെയുള്ള അ​ഗ്നിരക്ഷാ ജീവനക്കാരൻ രഞ്ജിത്തിന്റെ വിയോ​ഗം സേനയ്ക്കും നാടിനും നോവായി മാറിയിരിക്കുകയാണ്. കൃത്യനിർവഹണത്തിനിടെയുള്ള സഹപ്രവർത്തകന്റെ വിയോ​ഗത്തിലും പിന്മാറാതെ രക്ഷാപ്രവർത്തനം തുടരുകയും തീ പൂർണമായും അണയ്ക്കാൻ പരിശ്രമിക്കുകയും ചെയ്ത അ​ഗ്നിശമന സേനയുടെ പ്രവൃത്തി കൈയടി നേടുന്നുണ്ട്.

പുലർച്ചെ 1.30ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. കൂട്ടിയിട്ട ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. തീ നിലവിൽ നിയന്ത്രണവിധേയമാണെന്ന് അഗ്നിശമന സേന അറിയിച്ചു. സംഭവം അറിഞ്ഞതോടെ ജില്ലയിൽ നിന്നുള്ള മുഴുവൻ ഫയർ ഫോഴ്സ് യൂണിറ്റുകളും ഉടൻ സ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.

ഇവിടെ ഇതിനു മുമ്പും ഇതിനു മുമ്പും തീപിടിത്തം ഉണ്ടായിട്ടുണ്ടെന്ന് സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയ പ്രാദേശിക മാധ്യമപ്രവർത്തകൻ സജ്ജാദ് പറഞ്ഞു. ജനവാസ കേന്ദ്രമല്ലെങ്കിലും കിൻഫ്രയ്ക്കകത്ത് നിരവധി കെട്ടിടങ്ങളുണ്ട്. തീ അടുത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടൽ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടു മൂന്നു തവണ ഉഗ്ര സ്‌ഫോടനങ്ങൾ ഉണ്ടായിരുന്നു.

നാട്ടുകാരുടെ സഹകരണവും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു. പൂർണമായും കത്തിയമർന്ന ശേഷമേ തീ പൂർണമായും അണയ്ക്കാനാവൂ എന്ന് ഫയർഫോഴ്‌സ് പറഞ്ഞിരുന്നതായും അതിനാൽ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ സേന കഴിവതും ശ്രമിച്ചതായും അത് വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അപകടത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ പിടിത്തെത്തെ തുടർന്ന് അന്തരീക്ഷമാകെ പുക നിറഞ്ഞിരിക്കുകയാണ്.



Similar Posts