Kerala
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണം; പോസ്റ്റ്മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘം
Kerala

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണം; പോസ്റ്റ്മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘം

Web Desk
|
21 July 2021 4:01 PM GMT

അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നൽകിയിരുന്നു

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്മോർട്ടം നടപടികൾക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കും. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

അതേസമയം, അനന്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെന്‍റര്‍ കൂട്ടായ്മയും രംഗത്തെത്തി. ലിംഗമാറ്റ ശസ്ത്രക്രിയയിൽ വന്ന പിഴവാണ് അനന്യയുടെ മരണത്തിൽ കലാശിച്ചതെന്നാണ് അനന്യയുടെ സുഹൃത്തുക്കളും ട്രാൻസ്ജെന്‍റേഴ്സ് കൂട്ടായ്മയും ആരോപിക്കുന്നത്. അനന്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് പൊലീസ്. ആരോപണവിധേയനായ ഡോക്ടറെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. മൃതദേഹം കണ്ടെത്തിയ ഫ്ലാറ്റിൽ വീണ്ടും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.‌

അതിനിടെ അനന്യയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് അലക്സ് ആരോപിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം അനന്യയ്ക്ക് ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത് ബോധ്യപ്പെട്ടിട്ടും തുടര്‍ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനെതിരെ പരാതിപ്പെട്ട അനന്യയ്ക്ക് പല തവണ മര്‍ദനമേറ്റിട്ടുണ്ടെന്നും അലക്സ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോജോക്കിയും അവതാരകയുമായ അനന്യയെ കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അനന്യ ലിംഗമാറ്റ ശസ്‍ത്രക്രിയ ചെയ്‌തത്‌.

Similar Posts