എഡിഎമ്മിന്റെ മരണം: 'അധികാരത്തിന്റെ ധാർഷ്ട്യത്തിൽ എന്തും ചെയ്തുകൂടാ എന്ന പാഠം'; പി.പി ദിവ്യക്കെതിരെ ബിനോയ് വിശ്വം
|വനിതാ സഖാവ് പാഠം പഠിച്ചിട്ടുണ്ടാകുമെന്നും ബിനോയ് വിശ്വം
'തൃശൂർ: എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ സിപിഐ സെക്രട്ടറി ബിനോയ് വിശ്വം. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ എന്തും ചെയ്തുകൂടാ എന്ന പാഠമാണ് കണ്ണൂർ സംഭവം നൽകുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. വനിതാ സഖാവ് ഇതിൽനിന്ന് പാഠം പഠിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിൻറെ പക്വതയില്ലായ്മയെന്നും ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിലെ തീരുമാനം കോൺഗ്രസിൻറെ രാഷ്ട്രീയ വിവേകത്തിൻറെ പ്രശ്നമാണെന്നും അത് അടിക്കടി പ്രകടമാവുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇൻഡ്യാ സഖ്യത്തിലുള്ള ഒരു മുന്നണി മത്സരിക്കുമ്പോൾ അവിടെ സ്വന്തം ചിഹ്നത്തിൽ മത്സരിക്കണമെന്നുള്ള തീരുമാനം എന്തുകൊണ്ടാണ് കോൺഗ്രസ് എടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.