കൊച്ചിയിലെ മോഡലുകളുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
|നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിലാണ് അൻസി കബീറിന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്
കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. അപകടദിവസത്തെ നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാനാണ് ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതെന്ന് മരിച്ച അൻസി കബീറിന്റെ കുടുംബം ആരോപിച്ചു. ഹോട്ടലുടമ റോയിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉടൻ വിട്ടയയ്ക്കുകയായിരുന്നെന്നും അൻസി കബീറിന്റെ ബന്ധു നസീമുദ്ദീൻ പറഞ്ഞു.
നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിലാണ് അൻസി കബീറിന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. അൻസി കബീറിന്റേയും അൻജന ഷാജന്റേയും മരണത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്.
അപകടമുണ്ടായ ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാൻ സി.സി.ടി.വി ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതാകാമെന്ന് നസീമുദ്ദീൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കേസ് സിബിഐ അന്വേഷിക്കണമെന്നും നസീമുദീൻ ആവശ്യപ്പെട്ടു. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകാനാണ് അൻസി കബീറിന്റെ കുടുംബത്തിന്റെ തീരുമാനം.
കഴിഞ്ഞ നവംബറിൽ ചക്കരപ്പറമ്പിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് കാര്‍ മീഡിയനിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മോഡലുകളായ ആന്‍സി കബീറും അഞ്ജന ഷാജനും സംഭവസമയത്തും തൃശ്ശൂര്‍ സ്വദേശിയായ കെ.എ മുഹമ്മദ് ആഷിഖും ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.