സിദ്ധാർഥന്റെ മരണം; ജുഡീഷ്യൽ കമ്മീഷൻ സിറ്റിങ് തുടങ്ങി
|സിദ്ധാർഥന്റെ അച്ഛനും അമ്മയും കൊച്ചിയിൽ സിറ്റിങിന് ഹാജരായി
എറണാകുളം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ജുഡീഷ്യൽ കമ്മീഷൻ സിറ്റിങ് ആരംഭിച്ചു. സിദ്ധാർഥന്റെ അച്ഛനും അമ്മയും കൊച്ചിയിൽ സിറ്റിങിന് ഹാജരായി. മരണത്തിൽ സർവകലാശാല അധികൃതരുടെ വീഴ്ചകൾ വ്യക്തമാക്കുന്ന തെളിവുകൾ കമ്മീഷന് കൈമാറിയെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് മീഡിയവണിനോട് പറഞ്ഞു.
ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദ് അധ്യക്ഷനായ കമ്മീഷന്റെ ആദ്യ സിറ്റിങ് ആണ് നടന്നത്. കൊച്ചിയിൽ നടന്ന സിറ്റിങ്ങിൽ സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് അമ്മ ഷീബ അമ്മാവൻ എന്നിവരാണ് ഹാജരായത്. മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചെങ്കിലും കുറ്റക്കാർ രക്ഷപ്പെടില്ലെന്നും മുഴുവൻ തെളിവ് സഹിതം സത്യം പുറത്തുവരും എന്നും അച്ഛൻ ജയപ്രകാശ് പറഞ്ഞു.
സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. മരണവുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ ഭാഗത്തുണ്ടായ വീഴ്ചകളാണ് പ്രധാനമായും കമ്മീഷൻ അന്വേഷിക്കുന്നത്. വരും ദിവസങ്ങളിൽ സർവകലാശാല അധികാരികളുടെയും കേസിൽ പ്രതിചേർക്കപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തും.