Kerala
Death of tribal youth Viswanathan was not because of mob trial says crime branch
Kerala

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം; ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്ന് ക്രൈംബ്രാഞ്ച്

Web Desk
|
19 Jan 2024 1:40 PM GMT

കേസ് ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും ഇത് തൃപ്തികരമല്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വിശ്വനാഥൻ ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞവർഷം ഫെബ്രുവരി 11നാണ് വിശ്വനാഥനെ മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വിശ്വനാഥൻ ആൾക്കൂട്ട വിചാരണ നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കേസ് ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും ഇത് തൃപ്തികരമല്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആൾക്കൂട്ട വിചാരണ നടന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവദിവസത്തെ നിരവധി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.

ഫെബ്രുവരി 10നാണ് ഭാര്യയുടെ പ്രസവത്തിനായി വിശ്വനാഥൻ ആശുപത്രിയിൽ എത്തിയത്. അന്ന് രാത്രി മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. വിശ്വനാഥൻ മെഡി.കോളജ് പരിസരത്ത് നിൽക്കുന്നതും ഓടിപ്പോവുന്നതുമടക്കമുള്ള ദൃശ്യങ്ങൾ ഇതിലുണ്ടായിരുന്നു. ഇത് പരിശോധിച്ചതിൽ ആൾക്കൂട്ട വിചാരണയുടെയോ കളിയാക്കലിന്റേയോ യാതൊരു തെളിവുകളുമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

Similar Posts