മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം: പിതാവ് കസ്റ്റഡിയിൽ
|നസ്‌റിനെ മർദിച്ചുകൊന്നതാണെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു
മലപ്പുറം:കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്‌റിന്റെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെ കാളികാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇപ്പോൾ അസ്വഭാവിക മരണത്തിനു മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു.
നസ്‌റിനെ മർദിച്ചുകൊന്നതാണെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. നേരത്തെ കേസ് കൊടുത്തതിന്റെയും പ്രശ്‌നങ്ങളുണ്ടായതിന്റെയും പേരിലാണ് കൃത്യം ചെയ്തതെന്നും നസ്‌റിന്റെയും മാതാവിന്റെയും ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളിലൊരാൾ മീഡിയവണിനോട് പറഞ്ഞു. ഫാരിസ് അവരെ കൊല്ലുമെന്ന് നേരത്തെ ഫോണിലൂടെയും അല്ലാതെയും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വീട്ടിലേക്ക് വിടാറില്ലെന്നും ഒടുവിൽ പാർട്ടിക്കാർ ഇടപെട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് ഭാര്യമാതാവും ഭാര്യാസഹോദരിയും ഫാരിസിന്റെ വീട്ടിൽ ചെന്നപ്പോൾ കുട്ടിയുടെ ദേഹത്ത് പരിക്ക് കണ്ടുവെന്നും കുഞ്ഞിനെ കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാർ തടഞ്ഞുവെന്നും പറഞ്ഞു. പ്രണയവിവാഹമായാണ് കല്ല്യാണം കഴിഞ്ഞതെന്നും അതിനെതുടർന്നുള്ള കേസ് പരിഗണിക്കാനിരിക്കുകയാണെന്നും വ്യക്തമാക്കി.
ഫാരിസിന്റെ മകൾ നസ്റിൻ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും മുഖത്തും പാടുകളുള്ളത് പുറത്തുവന്ന ചിത്രത്തിൽതന്നെ കാണാം. മുഖത്ത് ചോര കല്ലിച്ച പാടുകളും കഴുത്തിൽ രക്തക്കറയോടെയുള്ള മുറിവുകളുമാണുള്ളത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പിതാവ് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മാതാവ് ഷഹബത്തിന്റെ ബന്ധുക്കൾ പറയുന്നത്. കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.