Kerala
വടകര സജീവന്റെ മരണം; ശരീരത്തിൽ പരിക്കുകളുണ്ടെന്ന് റൂറൽ എസ്.പിയുടെ റിപ്പോർട്ട്
Kerala

വടകര സജീവന്റെ മരണം; ശരീരത്തിൽ പരിക്കുകളുണ്ടെന്ന് റൂറൽ എസ്.പിയുടെ റിപ്പോർട്ട്

Web Desk
|
29 July 2022 7:33 AM GMT

സജീവൻറെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷൻ പരിസരത്ത് മരിച്ച സജീവന്റെ ശരീരത്തിൽ പരുക്കുകളുണ്ടെന്ന് റൂറൽ എസ്.പിയുടെ റിപ്പോർട്ട്. മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. മരണം സംഭവിക്കുന്നതിന് മുമ്പ് കയ്യേറ്റം നടന്നതായി സംശയിക്കുന്ന പരുക്കുകളാണ് ശരീരത്തിലുള്ളത്. ഇതിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും എസ്.പി നൽകിയ റിപ്പോർട്ടിലുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ് പറഞ്ഞു.

അതേസമയം, സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സജീവൻറെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. പൊലീസ് സ്റ്റേഷനിലെ സംഭവങ്ങൾ ഹൃദയാഘാതത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കും. സ്റ്റേഷനിലെ സിസ്റ്റത്തിന്റെ ഹാർഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. ജൂലൈ 21ന് രാത്രി പതിനൊന്നരയോടെയാണ് സജീവനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു പൊലീസ് എത്തിയത്. എന്നാൽ പിന്നീട് പൊലീസ് മർദനത്തെ തുടർന്ന് സജീവൻ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നെന്നാണ് ആരോപണം.

സംഭവുമായി ബന്ധപ്പെട്ട് വടകര പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് 66 പൊലീസുകാരെ സ്ഥലം മാറ്റിയത്. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിക്കുകയായിരുന്നു. മാനുഷിക പരിഗണന കാണിക്കാത്ത പൊലീസ് നടപടിയെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി, ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി. ഇതോടെയാണ് 66 പൊലീസുകാരെയും സ്ഥലം മാറ്റാൻ തീരുമാനമായത്.

സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ പ്രജീഷിനെ കൂടി ഇന്ന് സസ്‌പെൻഡ് ചെയ്തു. എസ്. ഐ എം. നിജേഷ്, എ.എസ്.ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. വടകര പൊലീസിൻറെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുത വീഴ്ചയാണെന്ന് ഉത്തര മേഖല ഐജി ടി. വിക്രം സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി അനിൽകാന്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ സജീവൻറെ കുടുംബത്തന് ധനസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ എം.എൽ.എ രംഗത്തെത്തി. കുടുബംത്തിന് വീട് വച്ചു നൽകണമെന്നും രമ ആവശ്യപ്പെട്ടു.

Similar Posts