Kerala
Congress organizations protest over the death of Siddharth of Veterinary University
Kerala

വെറ്ററിനറി കോളജ് വിദ്യാർഥിയുടെ മരണം; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

Web Desk
|
1 March 2024 12:52 AM GMT

കാമ്പസിനകത്ത് ഒരു വിദ്യാർഥി ക്രൂര മർദനത്തിനിരയാവുകയും ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തിട്ടും എസ്.എഫ്.ഐ സമരരംഗത്തില്ലാത്തതും തങ്ങൾക്ക് പങ്കില്ലെന്ന എസ്.എഫ്.ഐ വാദത്തെ ദുർബലമാക്കുന്നതായാണ് വിലയിരുത്തൽ.

വയനാട്: വയനാട് വെറ്ററിനറി കോളജിലെ ആൾക്കൂട്ട മർദനത്തിൽ ഒളിവിലായിരുന്ന രണ്ട് എസ്.എഫ്.ഐ നേതാക്കൾ കൂടി കീഴടങ്ങി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്. മറ്റൊരാൾ കൂടി കസ്റ്റഡിയിലുണ്ട്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കിയിരിക്കുകയാണ് എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ.

രണ്ടാം വർഷ ബിരുദ വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ ദുരൂഹ മരണത്തിൽ ഒളിവിൽ പോയ 12 പ്രതികളിൽ നാല് പേരാണ് ഇന്നലെ പിടിയിലായത്. എസ്.എഫ്.ഐ പ്രവർത്തകനായ മുഖ്യപ്രതി കൊപ്പം ആമയൂർ സ്വദേശി അഖിലിനെ പാലക്കാട്ടെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി പത്ത് മണിയോടെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവർ കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് മുന്നിലെത്തി കീഴടങ്ങി. വയനാട് സ്വദേശികളായ ഇരുവരേയും കൂടാതെ ഒരാൾ കൂടി കസ്റ്റഡിയിലുണ്ട്.

എസ്.എഫ്.ഐ പ്രവർത്തകരായ എസ്. അഭിഷേക് അടക്കം ആറുപേരെ കഴിഞ്ഞ ദിവസവും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന എട്ട് പേരും എസ്.എഫ്.ഐ പ്രവർത്തകരാണെന്നാണ് വിവരം. അതിനിടെ, സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ് എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ. എം.എസ്.എഫും എ.ബി.വി.പിയും ഇന്നലെ കോളജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് പിന്നാലെ കെ.എസ്.യു ജില്ലാ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് സംഘടന പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

കാമ്പസിനകത്ത് ഒരു വിദ്യാർഥി ക്രൂര മർദനത്തിനിരയാവുകയും ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തിട്ടും എസ്.എഫ്.ഐ സമരരംഗത്തില്ലാത്തതും തങ്ങൾക്ക് പങ്കില്ലെന്ന എസ്.എഫ്.ഐ വാദത്തെ ദുർബലമാക്കുന്നതായാണ് വിലയിരുത്തൽ. അതിനിടെ, മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രവർത്തനമാരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡി.വൈ.എസ്.പിയും അംഗമാണ്. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

Similar Posts