Kerala
തൃശൂരിലെ യുവാക്കളുടെ മരണം; വ്യാജമദ്യം തന്നെയെന്ന് സൂചന
Kerala

തൃശൂരിലെ യുവാക്കളുടെ മരണം; വ്യാജമദ്യം തന്നെയെന്ന് സൂചന

Web Desk
|
1 Dec 2021 3:46 AM GMT

ഇന്നലെയാണ് ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത്, ബിജു എന്നിവര്‍ മരിച്ചത്

തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് സൂചന. പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ മിഥൈൽ ആല്‍ക്കഹോളിന്‍റെയും ഫോര്‍മാലിന്‍റെയും അംശം കണ്ടെത്തി. വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തു.

മരിച്ച നിശാന്തിന്‍റെയും ബിജുവിന്‍റെയും ആന്തരിക അവയവങ്ങളിൽ മീഥെയ്ൽ ആൽക്കഹോളിന്‍റെ അംശം കണ്ടെത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അന്നനാളം മുതൽ താഴോട്ടുള്ള ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റു. വ്യാജ മദ്യം കഴിച്ച് രണ്ടുമണിക്കൂറിനുള്ളിൽ ഇരുവരുടെയും കാഴ്ച നഷ്ടമായി. ഇരുവരും കുടിച്ചുവെന്ന് കരുതുന്ന ലായനി ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ച ശേഷമേ മരണകാരണം എന്താണെന്നതില്‍ കൂടുതൽ വ്യക്തതയുണ്ടാകൂ.

ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം വിതരണം ചെയ്യുന്നുണ്ടോയെന്നത് സംബന്ധിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. മരിച്ച ഇരുവർക്കും മദ്യം എത്തിച്ചു നൽകിയെന്ന് കരുതുന്ന മൂന്ന് പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് വൈകിട്ട് 7 മണിയോടെയാണ് ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവർ ചിക്കൻ സ്റ്റാളിൽ ഇരുന്ന് മദ്യപിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഇരുവരും കുഴഞ്ഞു വീണു. വായിൽ നിന്ന് നുരയും പതയും വന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Related Tags :
Similar Posts