നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ടിപ്പറുകളുടെ മരണപ്പാച്ചില്‍; കണ്ണടച്ച് പൊലീസും മോട്ടോർവാഹന വകുപ്പും
|സ്കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകിട്ടും ടിപ്പറുകളടക്കമുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ടിപ്പറുകളുടെ മരണപ്പാച്ചില്‍. സ്കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകിട്ടും ടിപ്പറുകളടക്കമുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. സമയം തെറ്റിച്ചും അമിതവേഗത്തിലും എത്തിയ ടിപ്പറാണ് തിരുവനന്തപുരം വിഴിഞ്ഞത്ത് വിദ്യാര്‍ഥിയുടെ ജീവനെടുത്തത്. തുറമുഖ നിര്‍മാണത്തിന് വേണ്ടി കല്ല് കൊണ്ടുവരുന്ന ലോറികള്‍ ഇരുപത്തിനാല് മണിക്കൂറും തലങ്ങും വിലങ്ങും പായുകയാണ്.
രാവിലെ എട്ട് മണി മുതല്‍ പത്ത് മണിവരെയും വൈകിട്ട് മൂന്ന് മുതല്‍ നാലരവരെയും ടിപ്പറുകള്‍ക്ക് നിരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തിട്ട് വര്‍ഷങ്ങളായി. സര്‍ക്കാര്‍ തീരുമാനം അതാത് ജില്ലാ കലക്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ നിരീക്ഷിച്ച് ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ ഒരു നിരീക്ഷണവുമില്ല. നിയന്ത്രണവുമില്ല. തോന്നുംപടി ആര്‍ക്കും ടിപ്പറുമായി നിരത്തിലിറങ്ങാം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നാണ് ടിപ്പറുകളില്‍ ലോഡെത്തിക്കുന്നത്. അനുവദനീയമായതിലുമധികം ടണ്‍ ഭാരവുമായി വേഗത്തിലാണ് വിഴിഞ്ഞം ഭാഗത്ത് ടിപ്പറുകളുടെ പാച്ചില്‍. ഹൈവേയിലൂടെയും സര്‍വീസ് റോഡുകളിലൂടെയും ടിപ്പറുകള്‍ ചീറിപ്പായുകയാണ്.
നിരവധി സ്കൂളും കോളേജുകളും പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പോലും സമയം പാലിക്കാതെ ടിപ്പറുകള്‍ ഓടുന്നു. നേരത്തെ നിരവധി അപകടങ്ങളും ടിപ്പറിടിച്ച് ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഉണ്ടായ അപകടത്തില്‍ 27 വയസുകാരനായ ബി.ഡി.എസ് വിദ്യാര്‍ഥിയുടെ ജീവന്‍ പൊലിഞ്ഞു. സമയക്രമം പാലിക്കാതെയുള്ള ടിപ്പറുകളുടെ ഓട്ടം നിയന്ത്രിക്കേണ്ട പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും മൗനം പാലിക്കുന്നു.