Kerala
ഞാനും അമ്മയും മകനും ഏതു സമയവും കൊല്ലപ്പെടാം; ഭീഷണി സന്ദേശം പുറത്തുവിട്ട് സ്വപ്‌ന സുരേഷ്
Kerala

'ഞാനും അമ്മയും മകനും ഏതു സമയവും കൊല്ലപ്പെടാം'; ഭീഷണി സന്ദേശം പുറത്തുവിട്ട് സ്വപ്‌ന സുരേഷ്

Web Desk
|
3 July 2022 11:14 AM GMT

''മുഖ്യമന്ത്രിക്കും ജലീലിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് മലപ്പുറത്തുനിന്ന് ഒരാൾ വിളിച്ചുഭീഷണിപ്പെടുത്തി. ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്നാണ് പറഞ്ഞത്.''

കൊച്ചി: തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്. കൊച്ചിയിൽ മാധ്യമങ്ങളോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി ജലീലിനും എതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ആരോപിച്ചു.

തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. മരട് അനീഷ് എന്നൊരാൾ വിളിച്ചുഭീഷണിപ്പെടുത്തി. മലപ്പുറത്തുനിന്ന് നൗഫൽ എന്നു പേരുള്ളയാൾ കെ.ടി ജലീലിന്റെ നിർദേശത്തിൽ വിളിക്കുകയാണെന്ന് പറഞ്ഞു വിളിച്ചു. താനും അമ്മയും മകനും ഏതു സമയവും കൊല്ലപ്പെടാം. മുഖ്യമന്ത്രിക്കും ജലീലിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടാണ് ഇവർ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്ന പറഞ്ഞു.

എത്രനാൾ ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. ഒരുപാട് ഭീഷണികൾ മുൻപും ഉണ്ടായിരുന്നു. അതെല്ലാം ഇന്റർനെറ്റ് വഴിയുള്ളതായിരുന്നതിനാൽ കാര്യമാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ നേരിട്ട് ഫോൺ നമ്പർ വഴി അഡ്രസെല്ലാം പറഞ്ഞാണ് നിരന്തരം വിളി വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മകളുടെയും കെ.ടി ജലീലിന്റെയുമെല്ലാം പേരുപറയുന്നത് നിർത്താനാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഇല്ലാതാക്കിക്കളയുമെന്നുള്ള ശക്തമായ ഭീഷണികളാണ് ഇന്നലെ മുതൽ കിട്ടിക്കൊണ്ടിരിക്കുന്നത്-സ്വപ്ന വെളിപ്പെടുത്തി.

''ഒരു കോളിൽ മരട് അനീഷ് എന്ന പേരിലുള്ളയാളെക്കുറിച്ചും പറയുന്നുണ്ട്. അന്വേഷണത്തിൽ ഒരുപാട് കേസുള്ളയാളാണ് ഇയാളെന്നാണ് മനസിലായത്. എപ്പോഴാണ്, എങ്ങനെയാണ് അവർ എന്നെ കൊല്ലാൻ പോകുന്നതെന്ന് വ്യക്തമല്ല.''

''ഞാനും എന്റെ മകനും അമ്മയും കുടുംബവുമെല്ലാം ഏതു സമയവും കൊല്ലപ്പെടാം. ഒരുപാട് മരുന്ന് കഴിക്കുന്നുണ്ട്. ഇനി അങ്ങനെ മരിക്കുമോ എന്ന് അറിയില്ല. ജീവനുള്ള കാലം ഇ.ഡിയോട് സഹരിച്ച് പരമാവധി തെളിവുകൾ നൽകി ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തും. ഒരു ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഗൂഢാലോചനാ കേസ് എന്നു പറഞ്ഞ് ക്രൈംബ്രാഞ്ച് എന്നെ വിളിച്ചു. കഴിഞ്ഞ പ്രാവശ്യം എനിക്ക് പോകാൻ കഴിഞ്ഞില്ല. അത് മനഃപൂർവം അല്ല. പൂർണമായും ഞാൻ അന്വേഷണവുമായി സഹകരിക്കും.''

എന്റെ വീട്ടിലെ സഹായികളെയും ഡ്രൈവറെയും എച്ച്.ആർ.ഡി.എസ് ഓഫീസിലുള്ള എല്ലാവരെയും അവർ വിളിക്കുന്നുണ്ട്. ദേശീയ ഏജൻസിയുടെ ഒരു പ്രതിയാണ് ഞാൻ. അവർ എന്നെ നിരന്തരം ചോദ്യംചെയ്യുന്നുണ്ട്. അതിനിടയിലാണ് ക്രൈംബ്രാഞ്ച് ഹാജരാകണമെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. ഇതിനിടയിൽ അതിന് എങ്ങനെയാണ് എനിക്ക് പോകാൻ കഴിയുക? ഇത് കൃത്യമായി ഇ.ഡി അന്വേഷം തടസപ്പെടുത്താനുള്ള ശ്രമമാണെന്നും സ്വപ്ന ആരോപിച്ചു.

വധഭീഷണിയുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്നലെ രാത്രി ശബ്ദരേഖയും സ്‌ക്രീൻഷോട്ടും സഹിതം ഡി.ജി.പിക്ക് അയച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. എത്രത്തോളം സംരക്ഷണം കിട്ടുമെന്ന് അറിയില്ല. പക്ഷെ, ജനങ്ങൾ ഇക്കാര്യം അറിയണമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

Summary: 'Me, mother and my son can be killed at any time'; Swapna Suresh released the threatening messages

Similar Posts