മുണ്ടക്കൈ ദുരന്തത്തിൽ മരണം 344 ആയി; റഡാർ സിഗ്നൽ ലഭിച്ച പ്രദേശത്ത് ഒന്നും കണ്ടെത്തിയില്ല; തിരച്ചിൽ തുടരും
|പ്രദേശവാസികൾ പറഞ്ഞതനുസരിച്ച് ഇവിടെയുള്ള ഒരു കലുങ്കിന്റെ സമീപം പരിശോധന നടത്തുകയാണ്. മണ്ണും ചെളിയും മാറ്റിയാണ് സന്നദ്ധ സംഘടനാ പ്രവർത്തകർ പരിശോധന നടത്തുന്നത്.
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 344 ആയി. ഇവരിൽ 29 പേർ കുട്ടികളാണ്. 146 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്ന് 14 മൃതദേഹങ്ങളാണ് തിരിച്ചിലിൽ ലഭിച്ചത്.
നാലാം ദിനവും രക്ഷാദൗത്യം തുടരുന്നതിനിടെ ഒരിടത്ത് ജീവന്റെ സിഗ്നൽ ലഭിച്ച സ്ഥലത്ത് നടന്ന ഒരു മണിക്കൂറോളം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സിഗ്നൽ ലഭിച്ചതിന്റെ 50 ച.മീ പരിധിയിലാണ് മണ്ണുമാറ്റി പരിശോധന നടത്തിയത്. ഒന്നും കണ്ടെത്താനാവാതെ വന്നതോടെ ഈ ഭാഗത്തെ പരിശോധന ആദ്യം താൽക്കാലികമായി നിർത്തി.
തുടർന്ന്, തൊട്ടടുത്ത മറ്റൊരിടത്താണ് ആളുകളുണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞതനുസരിച്ച് ഇവിടെയുള്ള ഒരു കലുങ്കിന്റെ സമീപവും പരിശോധന നടത്തി. കലുങ്ക് അടഞ്ഞുനിന്നിരുന്ന മണ്ണും ചെളിയും മാറ്റിയാണ് സന്നദ്ധ സംഘടനാ പ്രവർത്തകർ പരിശോധന നടത്തിയത്. എന്നാൽ ഇവിടെയും ഒന്നും കണ്ടെത്താനായില്ല.
ഇതോടെ, ഇന്നത്തെ പരിശോധന അവസാനിപ്പിച്ചതായി അറിയിച്ച് ഉദ്യോഗസ്ഥൻ മടങ്ങിയെങ്കിലും ഒരു ഫോൺകോൾ വന്നതിനു പിന്നാലെ തീരുമാനം മാറ്റി ഇവിടേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു. റഡാർ പരിശോധനയും തിരച്ചിലും തുടരാനാണ് നിലവിലെ തീരുമാനം. കലക്ടറിൽ നിന്ന് നിർദേശം ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
'ബ്ലൂ സിഗ്നലാണ് ലഭിച്ചത്. അതിനർഥം താഴെയുള്ള മനുഷ്യനോ ജീവിയോ ശ്വസിക്കുന്നുണ്ട് എന്നാണ്, പക്ഷേ അത് ചലിക്കുന്നില്ല. എന്തായാലും ഇന്ന് രാത്രിയും തിരച്ചിൽ തുടരും. അധികൃതർ നിർദേശം നൽകിയിട്ടുണ്ട്'- കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.
മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരിടത്ത് സിഗ്നൽ ലഭിച്ചത്. ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട തകർന്ന ഭാഗത്ത് മണ്ണ് മൂടിയ സ്ഥലത്ത് കോൺക്രീറ്റ് ഭാഗങ്ങൾ മാറ്റി പരിശോധന നടത്തിയത്.
കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും. ഇതനുസരിച്ച് സിഗ്നൽ ലഭിച്ച സ്ഥലത്ത് ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തിയത്. കടയുടെ താഴെ ഭൂമിക്കടിയിൽ ഒരു മുറിയുണ്ടായിരുന്നെന്നും അത് ഷോറൂം ആയിരുന്നു എന്നുമാണ് പ്രദേശവാസികളിൽ നിന്നു ലഭിച്ച വിവരം.
സിഗ്നൽ പ്രകാരം അണ്ടർഗ്രൗണ്ട് മുറിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിലാണ് ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധിച്ചത്. 40 ഇഞ്ച് കോൺക്രീറ്റ് പാളിക്കടിയിൽ ആളുണ്ടെങ്കിൽ സിഗ്നൽ കാണിക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. മറ്റിടങ്ങളിലെ തിരച്ചിൽ നിർത്തിവച്ചാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് ദൗത്യം പുരോഗമിക്കുന്നത്.
അതേസമയം, 134 ശരീഭാഗങ്ങളാണ് ഇതുവരെ ദുരന്തഭൂമിയിൽ നിന്നും കണ്ടെത്തിയത്. 207 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം ചെയ്തു. 62 മൃതദേഹങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറി. 27 മൃതദേഹങ്ങളാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയത്. ഇതുവരെ 119 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറി.
273 പേരെയാണ് ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 84 പേരാണ് ചികിത്സയിലുള്ളത്. 187 പേർ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.