വിതുരയിൽ ഷോക്കേറ്റ് മരിച്ച വയോധികനെ തിരിച്ചറിഞ്ഞു; ഷോക്കേറ്റത് കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്ന്
|സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഇന്നലെ രാവിലെയാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: വിതുര മേമലയിൽ ഷോക്കേറ്റ് മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജൻ ആണ് മരിച്ചത്. കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ശെൽവരാജന് ഷോക്കേറ്റത്.
വിതുര മേമലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഇന്നലെ രാവിലെയാണ് ശെൽവരാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസങ്ങളിൽ പരിസര പ്രദേശത്ത് നിന്ന് കാണാതായവരെ പറ്റി അന്വേഷിച്ചപ്പോൾ ഇയാളെ കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചു. ശെൽവരാജനെ കാണാനില്ല എന്ന് കാട്ടി ഭാര്യ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ ഇന്നലെ പരാതി നൽകിയിരുന്നു.
ലോട്ടറി എടുക്കാൻ പോയ ആൾ പിറ്റേദിവസവും തിരിച്ചു വരാതായതോടെയാണ് ഭാര്യ പരാതി നൽകിയത്. കാട്ടുപ്പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ നിന്നാണ് ശെൽവരാജന് ഷോക്കേറ്റത്. ശരീരത്തിൽ വൈദ്യുതിക്കമ്പി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദേഹത്ത് പൊള്ളലേറ്റ് കരിഞ്ഞ പാടുകളുമുണ്ട്. ശെൽവരാജൻ എന്തിനാണ് പുരയിടത്തിൽ എത്തിയത് എന്ന കാര്യം വ്യക്തമല്ല. ഇത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.