സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്കാന് തീരുമാനം
|ഇത് സംബന്ധിച്ച ഫയല്‍ ഗതാഗത വകുപ്പ് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്കാന് തീരുമാനം. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യും. ഇത് സംബന്ധിച്ച ഫയല്‍ ഗതാഗത വകുപ്പ് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും.
KSRTCക്ക് KL 15 എന്ന് നല്കിയതു പോലെയുള്ള മാറ്റമാണ് വരുത്തുന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL 99A രജിസ്ട്രേഷന് നല്‍കും. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL 99B യും തദ്ദേശ സ്ഥാപനങ്ങൾക്ക് KL 99C യും നല്‍കാനാണ് ആലോചന. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡും തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥാരുടെ യാത്രക്ക് കടിഞ്ഞാണിടാനും തീരുമാനിച്ചിട്ടുണ്ട്. സ്പെഷ്യല്‍ സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ബോര്‍ഡ് അനുവദിക്കുന്നതും പരിഗണനയിലാണ്. നിലവില്‍ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് വയ്ക്കാന്‍ അനുമതിയുണ്ട്.