ആഭ്യന്തര വകുപ്പിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നു, ഷാജൻ സ്‌കറിയയെ രക്ഷപ്പെടാൻ സഹായിച്ചു; എ.ഡി.ജി.പിക്കെതിരെ മുന്‍ എസ്.പി
|സർക്കാറിനെയും പൊലീസിനെയും വെട്ടിലാക്കി സുജിത് ദാസിന്റെയും പി.വി അൻവർ എം.എൽ.എയുടേയും ഫോൺ സംഭാഷണം
മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ മുന്‍ മലപ്പുറം എസ്.പി സുജിത് ദാസ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ അടുത്തയാളാണ് അജിത് എന്നും അദ്ദേഹം മറുനാടന്‍ എഡിറ്റർ ഷാജൻ സ്‌കറിയയെ രക്ഷപ്പെടാൻ സഹായിച്ചെന്നും സുജിത് ദാസ്. പി.വി. അൻവർ എം.എൽ.എയുമായ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം എ.ഡി.ജി.പിക്കെതിരെ ആരോപണം ഉയർത്തിയത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശി പറയുന്ന എല്ലാ കാര്യങ്ങളും എം. ആർ അജിത്കുമാർ ചെയ്ത് കൊടുക്കുന്നുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് അദ്ദേഹമാണെന്നും സുജിത് ദാസ് ആരോപിക്കുന്നുണ്ട്. ഐ.ജി പി.വിജയനെ എം.ആർ. അജിത്ത്കുമാർ നശിപ്പിച്ചെന്നും സുജിത് ദാസ് അന്‍വറിനോട് പറയുന്നുണ്ട്.
അജിത് കുമാറിന്റെ ഭാര്യ സഹോദരൻമാർ എന്ത് ബിസിനസാണ് ചെയ്യുന്നതെന്ന് എം.എൽ. എ അന്വേഷിക്കണം. അദ്ദേഹത്തിന് ബിസിനസുകാരുമായി വലിയ ബന്ധമുണ്ട്. അജിത്കുമാറിന്റെ കച്ചവടത്തിനായാണ് പൊട്ടനായ ശശിധരനെ മലപ്പുറം എസി.പിയായി വെച്ചിരിക്കുന്നത്. പൊട്ടൻ, കല്ലും, മണ്ണും നോക്കി നടക്കും. പകരം ശശിധരന് വേണ്ടത് അജിത് ചെയ്തു കൊടുക്കും.
എം.എൽ.എ എന്തുകൊണ്ടാണ് ശശിന്ദ്രനെ എസ്.പി സ്ഥാനത്ത് നിന്നും മാറ്റാൻ ശ്രമികാത്തത്?. നേരിട്ട് ഐ.എ.എസ് കിട്ടിയ ജാഫർ മാലിക്കിനെ മാറ്റിയ എം.എൽ.എ എന്തുകൊണ്ട് ഒണക്ക പ്രമോട്ടിയായ ശശിധരനെ മാറ്റുന്നില്ല?. പാലക്കാട്, മലപ്പുറം എസ്.പിമാർ അജിത്കുമാറിന്റെ അടിമ കണ്ണുകളാണ്. തൃശ്ശൂർ റെയ്ഞ്ച് അടക്കി ഭരിക്കുന്നതും അദ്ദേഹമാണ്. തൃശൂരിൽ എസ്.പിക്ക് ഒരു റോളുമില്ല.
എല്ലാവരെയും വെറുപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും അൻവർ എം.എൽ.എ മറുപടി പറയുന്നതും ശബ്ദ സന്ദേശത്തിൽ കേൾക്കാം.
എനിക്കു വേണ്ടി മരംമുറി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുജിത് ദാസ് അൻവറിനോട് സംസാരിക്കുന്നതിന്റെ ഓഡിയോ നേരത്തേയും പുറത്തുവന്നിരുന്നു. 25 വർഷം സർവീസ് ബാക്കിയുണ്ടെന്നും ഡിജിപിയായി വിരമിക്കണമെന്നും കേസിൽ നിന്ന് ഒഴിവാക്കിയാൽ എം.എൽ.എയോട് കടപെട്ടിരിക്കുമെന്നും സുജിത് ആവശ്യപ്പെടുന്നുണ്ട്.