സിനിമാ മേഖലയിലെ പരാതികളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ അന്വേഷണസംഘത്തിന്റെ തീരുമാനം
|ലഭിച്ച പരാതികളിൽ പ്രാഥമിക മൊഴിയെടുപ്പ് നടത്തുമെങ്കിലും വിശ്വസനീയത ഉറപ്പുവരുത്തിയിട്ട് മതി കേസ് രജിസ്റ്റർ ചെയ്യുന്നത് എന്ന നിലപാടിലാണ് പൊലീസ്
തിരുവനന്തപുരം: സിനിമാ മേഖലയിൽ നിന്നുള്ള സ്ത്രീകളുടെ പരാതികൾ വർധിക്കുന്നതോടെ വിശ്വസനീയത ഉറപ്പുവരുത്താൻ പ്രത്യേക അന്വേഷണ സംഘം. ലഭിച്ച പരാതികളിൽ പ്രാഥമിക മൊഴിയെടുപ്പ് നടത്തുമെങ്കിലും വിശ്വസനീയത ഉറപ്പുവരുത്തിയിട്ട് മതി കേസ് രജിസ്റ്റർ ചെയ്യുന്നത് എന്ന നിലപാടിലാണ് പൊലീസ്.
നടൻ സിദ്ദിഖിനെതിരെ ലൈംഗിക പീഡനക്കേസിൽ യുവനടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. സിനിമാ മേഖലയിലെ സ്ത്രീകൾ നടത്തുന്ന വെളിപ്പെടുത്തലുകളും അവർ നൽകുന്ന പരാതികളും അന്വേഷിക്കാൻ മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ട് മൂന്ന് ദിവസമേയായിട്ടുള്ളൂ. ഇതിനോടകം തന്നെ ഇരുപതിലധികം പരാതികളാണ് സംസ്ഥാന പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനുമായി ലഭിച്ചത്.
പരാതികൾ വർധിക്കുന്നതോടെ ഇവയുടെ വിശ്വസനീയത പരിശോധിച്ച ശേഷം മാത്രമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ പ്രാഥമിക മൊഴിയെടുപ്പ് നടത്തും. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യണോ എന്നതിൽ തീരുമാനമെടുക്കും. കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ ലൈംഗിക പീഡന പരാതികളിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കഴിയൂ. ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളിൽ സിദ്ദിഖിനെതിരെ പരാതി നൽകിയ യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മാത്രമാണ് തീരുമാനമായത്.
മറ്റു കേസുകളിലെ പ്രാഥമിക മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും രഹസ്യമൊഴിയിലേക്ക് കടക്കുക. സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടിയുടെ രഹസ്യമൊഴി കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എടുക്കുക. രഹസ്യമൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനും പ്രത്യേക അന്വേഷണ സംഘത്തിനാകും.
Watch Video Report