ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വനംവകുപ്പ് മേധാവിയാകും
|കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും തീരുമാനമായി
തിരുവനന്തപുരം: ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ വനംവകുപ്പ് മേധാവിയാക്കാന്‍ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. ചീഫ് സെക്രട്ടറിതലത്തിൽ വെള്ളിയാഴ്ച ചേർന്ന സെർച്ച് കമ്മിറ്റിയുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചു. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും തീരുമാനമായി.
ബേബിഡാമിലെ മരം മുറിക്കാൻ തമിഴ്നാട് സര്‍ക്കാരിന് അനുവാദം നൽകി ഉത്തരവ് ഇറക്കിയതോടെ ബെന്നിച്ചനെതിരെ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. മരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിറക്കിയതിന്‍റെ ഉത്തരവാദിത്തം ബെന്നിച്ചന് മാത്രമല്ലെന്നും സർവീസിൽ നിന്ന് മാറ്റിനിർത്താൻ തക്ക കുറ്റം ബെന്നിച്ചൻ ചെയ്തിട്ടില്ലെന്നും വിലയിരുത്തി നടപടികള്‍ അവസാനിപ്പിച്ചിരുന്നു. നിലവിലെ വനം മേധാവി പി.കെ കേശവൻ ഈ മാസം 31ന് വിരമിക്കുന്ന ഒഴിവില്‍ ബെന്നിച്ചന്‍ തോമസിനെ വനം വകുപ്പ് മേധാവിയാക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്.
86 ബാച്ചിലെ പ്രമോദ്കുമാർ പാഠക് നിലവിൽ കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിലാണ്. ഇദ്ദേഹം മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണു തൊട്ടടുത്ത സീനിയറായ ബെന്നിച്ചൻ തോമസിനെ വനം വകുപ്പ് മേധാവിയാക്കിയത്. ബെന്നിച്ചന് അടുത്ത വർഷം ജൂലൈ വരെ സര്‍വീസ് കാലാവധിയുണ്ട്.