ക്രൈംബ്രാഞ്ച് തലപ്പത്തെ അഴിച്ചുപണി; ഐ.ടി വിദഗ്ധൻ സായി ശങ്കറിന്റെ മൊഴി രേഖപ്പെടുത്തുന്നത് മാറ്റി
|ഷേഖ് ദർവേസ് സാഹേബ് പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ ശേഷമാകും നടിയെ ആക്രമിച്ച കേസിലെയും വധഗൂഢാലോചനക്കേസിലെയും ക്രൈംബ്രാഞ്ച് സംഘത്തിന്റെ തുടർ നീക്കങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഐ.ടി വിദഗ്ധൻ സായി ശങ്കറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനുള്ള തീരുമാനം ക്രൈംബ്രാഞ്ച് മാറ്റി. ക്രൈംബ്രാഞ്ച് തലപ്പത്ത് അഴിച്ചുപണി വന്നതോടെയാണ് ഇന്നത്തെ മൊഴിയെടുപ്പ് മാറ്റിവെച്ചത്. പുതിയ മേധാവി ചുമതലയേറ്റ ശേഷമാകും തുടർ നീക്കങ്ങൾ.
തുടർച്ചയായി രണ്ട് ദിവസമാണ് സായി ശങ്കർ ക്രൈംബ്രാഞ്ചിന്റെ മുന്നിലെത്തിയത്. മൂന്നാം ദിവസവും ഹാജരാകാൻ ക്രൈംബ്രാഞ്ച് സായി ശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി സ്ഥാനത്തുനിന്ന് എസ്.ശ്രീജിത്തിനെ മാറ്റി സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ ഇന്നത്തെ മൊഴിയെടുപ്പ് മാറ്റിവെയ്ക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. ഇന്ന് ഹാജരാകേണ്ടതില്ലെന്ന് സായി ശങ്കറിന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. മറ്റൊരു ദിവസം നിശ്ചയിച്ച് അറിയിക്കാമെന്നാണ് ഉദ്യോഗസ്ഥർ നൽകിയ അറിയിപ്പ്. ഷേഖ് ദർവേസ് സാഹേബ് പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ ശേഷമാകും നടിയെ ആക്രമിച്ച കേസിലെയും വധഗൂഢാലോചനക്കേസിലെയും ക്രൈംബ്രാഞ്ച് സംഘത്തിന്റെ തുടർ നീക്കങ്ങൾ.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിൽ നിന്ന് രേഖകൾ നശിപ്പിച്ചത് സായി ശങ്കറിന്റെ സഹായത്തോടെയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സായി ശങ്കറിനെ രണ്ടുദിവസമായി മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ആയിരുന്നു മൊഴിയെടുപ്പ് .
ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച രേഖകൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്താൻ വിളിച്ചിരുന്നത്. വധഗൂഢാലോചനാ കേസിൽ മഞ്ജു വാര്യരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയായിരുന്നു മൊഴിയെടുത്തത്.