ആവശ്യങ്ങൾ അംഗീകരിച്ച് എം.ജി സർവകലാശാല; ദീപ പി മോഹനൻ സമരം അവസാനിപ്പിച്ചു
|പതിനൊന്ന് ദിവസമായി സമരം ചെയ്തുവരുന്ന ദലിത് ഗവേഷകയുടെ ആവശ്യങ്ങൾ അംഗീകരിച്ച് എം.ജി സർവകലാശാല. ഇത് സംബന്ധിച്ച ഉത്തരവ് സർവ്വകലാശാല ദീപയ്ക്ക് കൈമാറി. നാനോ സെന്ററിൽ നിന്ന് അധ്യാപകൻ നന്ദകുമാറിനെ മാറ്റി. ഇദ്ദേഹത്തെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും മേൽനോട്ട ചുമതല നൽകി.
ദലിത് ഗവേഷകയുടെ പരാതി ചർച്ച ചെയ്യാൻ എംജി സർവകലാശാലയിൽ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. ഗവേഷക ദീപ പി. മോഹനൻ ഉൾപ്പെടെ നാല് പേരെയും ചർച്ചയ്ക്ക് വിളിച്ചു.സമരം അവസാനിപ്പിക്കാൻ പലതവണ സർവകലാശാല ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
ഇപ്പോൾ സർക്കാരിനും സമരം തലവേദനയായിട്ടുണ്ട്. പ്രശ്ന പരിഹാരം കണ്ടെത്തുക എന്നത് മാത്രമല്ല, കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചെന്ന ആരോപണത്തിനും മറുപടി പറയേണ്ട അവസ്ഥയിലാണ്.