ഇംഗ്ലണ്ടിൽ പള്ളികൾ പബ്ബുകളാകുന്നു; എം.വി ഗോവിന്ദന്റെ പ്രസ്താവനക്ക് പിറകേ ദീപികയിൽ ലേഖന പരമ്പര
|എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപിക ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൊച്ചി: ഇംഗ്ലണ്ടിൽ ചർച്ചുകൾ വിൽപന നടത്തുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ക്രൈസ്തവ നേതാക്കൾ രംഗത്തെത്തിയതിന് പിറകേ ദീപികയിൽ ലേഖന പരമ്പര ആരംഭിച്ചു. ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ ചർച്ച് നേരിടുന്ന വെല്ലുവിളികളും സഭയിൽ വന്ന മാറ്റങ്ങളും വിശദീകരിക്കുന്ന ലേഖനം വൈദികർ ശമ്പളവർധനക്കായി സമരം നടത്തുന്നുവെന്ന ഗോവിന്ദന്റെ വാദം തള്ളിക്കളയുന്നു. പള്ളികൾ വിൽപ്പനക്ക് എന്ന തലക്കെട്ടിൽ മാത്യു ചെമ്പുകണ്ടത്തിലാണ് സിറോ മലബാർ സഭയുടെ മുഖപത്രമായ ദീപികയിൽ ലേഖന പരമ്പര എഴുതുന്നത്.
ഇംഗണ്ടിലെ ആംഗ്ലിക്കൻ സഭയിലെ വൈദികർക്ക് എല്ലാ വർഷവും അഞ്ച് ശതമാനം ശമ്പള വർധനവ് ലഭിക്കും. ഈ വർഷം ഒമ്പതര ശതമാനം വർധനവ് വൈദികർ ആവശ്യപ്പെട്ടു. സഭയുമായി വൈദികർ നടത്തിയ ചർച്ചയിൽ യുണൈറ്റഡ് എന്ന തൊഴിലാളി സംഘടനയും പങ്കെടുത്തു. ചർച്ചയുടെ അടിസ്ഥാനത്തിൽ സെപ്തംബറിൽ സഭ തീരുമാനമെടുക്കും. ഈ വാർത്തയാണ് എം.വി ഗോവിന്ദൻ ഇംഗ്ലണ്ടിലെ വൈദികർ ശമ്പള വർധനവിനായി സമരം നടത്തുന്നു എന്നാക്കി മാറ്റിയതെന്ന് ലേഖനം വിശദീകരിക്കുന്നു. കന്യാസ്ത്രീകളുടെ സേവനം തൊഴിൽ മേഖലയായി എന്ന കണ്ടെത്തൽ വസ്തുതാവിരുദ്ധമാണ്.
ഇംഗ്ലണ്ടിലും വെയിൽസിലും പള്ളിയിൽ വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. ക്രൈസ്തവ ജനസംഖ്യയിലുണ്ടായ വൻ കുറവും ഇതിന് കാരണമാണ്. സുവിശേഷ പ്രവർത്തനത്തന രീതികളിൽ കാതലായ മാറ്റം സംഭവിക്കുന്നുണ്ട്. ആംഗ്ലിക്കൻ കമ്മ്യൂണിയനിൽ അൽമായരും വൈദികരും ചാരിറ്റബിൾ സംഘടനകളുണ്ടാക്കി പ്രവർത്തിക്കുന്നതാണ് പുതിയ രീതി. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ദേവാലയങ്ങൾ ഏറ്റെടുത്ത് മെസ്സി ചർച്ച് എന്ന പേരിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമിടയിൽ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. മെസി ചർച്ച്, ഫ്രഷ് എക്സ്പ്രഷൻ തുടങ്ങിയ പേരുകളിൽ സഭ വളരുകയാണെന്ന് അവകാശപ്പെടുന്ന ലേഖനം ആംഗ്ലിക്കൻ സഭയുടെ ബ്രഹ്മാണ്ഡ ദേവാലയങ്ങളിൽ നിന്ന് ആളൊഴിഞ്ഞു പോകുകയാണെന്ന് സമ്മതിക്കുന്നു.
പഴയ ദേവാലയങ്ങൾ ഇടിച്ച് പൊളിച്ച് കളയുകയോ വിരലിലെണ്ണാവുന്നവ വിൽക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ സുവിശേഷീകരണ പ്രസ്ഥാനങ്ങൾ വളരുകയാണ്. രണ്ട് നൂറ്റാണ്ടിലേറെ ശക്തമായി പ്രവർത്തിച്ച സൺഡേ സ്കൂളുകളെന്ന മത പാഠശാലകൾ നാമാവശേഷമായതാണ് പ്രതിസന്ധിക്ക് കാരണം. ഞായറാഴ്ച തൊഴിലിനും വിനോദത്തിനുമായി മാറ്റിവെക്കുന്ന സംസ്കാരം വളർന്നു. ഇതോടെ പള്ളികളിൽ നിന്നും ആളൊഴിഞ്ഞെന്നും ലേഖനം പറയുന്നു.