അസമില്‍ ഹിന്ദുത്വർ നടത്തുന്ന ക്രൈസ്തവ പീഡനങ്ങള്‍ എണ്ണിപ്പറഞ്ഞ് ദീപികയില്‍ ലേഖന പരമ്പര
|ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ആകർഷിക്കാന്‍ ബി.ജെ.പി കഠിനാധ്വാനം നടത്തുമ്പോഴാണ് ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങള്‍ വിവരിച്ചുള്ള ലേഖന പരമ്പര തുടങ്ങിയത്
കൊച്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വവാദികള്‍ നടത്തുന്ന ക്രൈസ്തവ പീഡനം വിവരിച്ച് സിറോ മലബാർ സഭയുടെ മുഖപത്രത്തില്‍ ലേഖന പരമ്പര. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ആകർഷിക്കാന്‍ ബി.ജെ.പി കഠിനാധ്വാനം നടത്തുമ്പോഴാണ് ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങള്‍ വിവരിച്ചുള്ള ലേഖന പരമ്പര തുടങ്ങിയത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാ പ്രതിനിധി കൂടിയായ റൂബെന്‍ കിക്കോണ്‍ ആണ് പരമ്പര എഴുതുന്നത്. 'മണിപ്പൂരില്‍ നിന്ന് അസമിലേക്ക് പടർത്തുന്ന ക്രൈസ്തവ പീഡനം' എന്ന തലക്കെട്ടിലാണ് ആദ്യ ലേഖനം. മേഘാലയയില്‍ നിന്നും അസമിലേക്ക് പോയ കന്യാസ്ത്രി റോസ്മേരിയെ ബസില്‍ വെച്ച് അപമാനിച്ചു. സഹയാത്രികർ ആക്രോശങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞു. അവർ ധരിച്ചിരുന്ന കുരിശിനെയും സഭാ വസ്ത്രത്തെയും അവഹേളിച്ചു. ഭയവിഹ്വലയായ അവരെ പിന്നീട് ബസില്‍ നിന്ന് ഇറക്കി വിട്ടു. അസമിലെ സന്യസ്തരും വൈദികരും ക്രൈസ്തവരും ഭീതിജനകമായ സാഹചര്യത്തിലൂടെ കടന്നു പോകുകയാണെന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ പറയുന്നു.
ഫെബ്രുവരി 9ന് കുടുംബ സുരക്ഷാ പരിഷത്ത് എന്ന സംഘടന അസമിലെ സന്യസ്തരും വൈദികരും സഭാ വസ്ത്രങ്ങള്‍ നീക്കണമെന്നും ക്രൈസ്തവ സ്കൂളുകളില്‍ നിന്ന് യേശുവിന്റെയും മാതാവിന്റെയും തിരു സ്വരൂപങ്ങള്‍ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ നീക്കണമെന്നും നിർദേശിച്ചു. സ്കൂളുകളില്‍ സരസ്വതീപൂജ നടത്തണമെന്നും ക്രൈസ്തവർ വിദേശ തത്വശാസ്ത്രങ്ങള്‍ വിതറി.ഭാരത ഭരണഘടനാ മൂല്യങ്ങള്‍ പിച്ചിച്ചീന്തി. ഭാരത പൗരന്മാരെന്ന നിലയില്‍ പ്രവർത്തിക്കുന്നില്ലെന്നും അവർ ആരോപിച്ചു. ക്രൈസ്തവ പീഡനം നടത്താന്‍ ചിലരെ ബി.ജെ.പി നിയോഗിച്ചതായും ലേഖകന്‍ ആരോപിക്കുന്നു.
ഹോജോ ജില്ലയില്‍ നിന്നുള്ള സത്യരഞ്ജന് ബോറ എന്ന എഞ്ചിനീയർ യുവമോർച്ചയുടെ പ്രസിഡന്റായി ഒരു ദശകത്തിലേറെയായി പ്രവർത്തിക്കുന്നു. ഗോ സംരക്ഷണം, ന്യൂനപക്ഷ സ്കൂളുകളെയും ആരാധനാലയങ്ങളെയും കുറിച്ചുള്ള സർവേകള്‍ എന്നിവ നടത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ ബി.ജെ.പി നിയോഗിച്ചതാണ് സത്യരഞ്ജന് ബോറയെ. വർഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന ബോറ അസമിനെ മറ്റൊരു കന്ഡമാലാക്കാനുള്ള ഉദ്യമത്തിലാണ്. ബി.ജെ.പിയുടെ സമർത്ഥമായ പിന്തുണ ബോറക്ക് ലഭിക്കുന്നുണ്ട്.രാഷ്ട്രീയ ലാഭത്തിനും അധികാരം നേടാനുമായി ഇന്ത്യയാകെ ഇത്തരം നേതാക്കളെ സൃഷ്ടിക്കാനുള്ള യത്നത്തിലാണോ ബി.ജെ.പിയെന്ന് സംശയിക്കാവുന്നതാണ്. ഫെബ്രുവരി 10ന് അസം ഹീലിംഗ് പ്രാക്ടീസിംഗ് ബില്‍ - തിന്മയുടെ നിരോധനം എന്ന പേരുള്ള ബില്‍ - ഹിമന്ത ബിശ്വ ശർമ സർക്കാർ പാസാക്കി. ക്രൈസ്തവരുടെ ആശുപത്രികളെയും ഡിസ്പെന്‍സറികളെയും നിയന്ത്രിക്കാനുള്ള ബില്ലായിരുന്നു അത്.
" രോഗവിമുക്തി പ്രാർഥനയിലൂടെ എന്നത് ഒരു തരം തിന്മയാണ്. സാധുക്കളായ ഗോത്ര ജനതയെ ക്രൈസ്തവരാക്കുന്ന വിദ്യയാണത്. ഇത്തരം തട്ടിപ്പുകള്‍ തടയാനാണ് ഈ ബില്ല്. ക്രൈസ്തവർ ക്രൈസ്തവരായും മുസ്ലിം മുസ്ലിമായും ഹിന്ദു ഹിന്ദുവായും തുടരട്ടെയെന്നും" ഹിമന്ദ വിശദീകരിച്ചു. അസമിലെ വേറെയും ക്രൈസ്തവ പീഡനങ്ങള്‍ അക്കമിട്ട് നിരത്തുന്ന ലേഖന പരമ്പര വരും ദിവസങ്ങളിലും ദീപികയില്‍ തുടരും.